എയർ ഇന്ത്യാസർവീസ് നിറുത്താനുള്ള തീരുമാനത്തിനെതിരെ എം.ഡി.എഫ് 20ന് പ്രതിഷേധ സംഗമം

Saturday 18 February 2023 12:14 AM IST
airindia

കോഴിക്കോട്: ദുബൈ-ഷാർജ എയർ ഇന്ത്യാസർവീസ് നിർത്തിവെയ്ക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തുന്നു. പ്രവാസികളെ ഏറെ ബാധിക്കുന്നതും കോഴിക്കോട് വിമാനത്താവളത്തെ തകർക്കുന്നതുമായ രീതിയിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യ സർവീസ് നിറുത്താനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ 20ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തുമെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം രാവിലെ 10ന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ മുനീർ എ.എൽ.എ പങ്കെടുക്കും. മാർച്ച് മുതൽ കോഴിക്കോട് ദുബൈ-ഷാർജ സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ സർവീസുകൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾ സർവീസ് നടത്താൻ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഈ സെക്ടറുകളിൽ എയർ ഇന്ത്യ സർവീസ് നിറുത്തുന്നത് മൂലം പ്രവാസി യാത്രക്കാർക്ക് ഭാരിച്ച ചെലവ് വഹിക്കേണ്ടി വരുമെന്നും ഇതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുകയും വിമാനത്താവളം തകർച്ചയുടെ വക്കിലെത്തുമെന്നും എം.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. പ്രവാസി പെൻഷൻ തുക വർദ്ധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നോർക്കയിൽ നിന്നും ക്ഷേമനിധിയിൽ നിന്നും നൽകി വരുന്ന വിവാഹം,ചികിത്സ എന്നിവയ്ക്കുള്ള ധനസഹായ തുക വർധിപ്പിക്കണമെന്നും എം.ഡി.എഫ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എസ്.എ അബൂബക്കർ, രക്ഷാധികാരികളായ ഗുലാം ഹുസൈൻ കൊളക്കാടൻ, സഹദ് പുറക്കാട്, ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ, നിസ്താർ ചെറുവണ്ണൂർ, കരീം വളാഞ്ചേരി, ഫ്രീഡാ പോൾ എന്നിവർ പങ്കെടുത്തു.