ഗാർഡ് റൂമിൽ മലയാളി യുവതിയെ തലയ്ക്കടിച്ചുവീഴ്ത്തി പീഡനശ്രമം  

Saturday 18 February 2023 4:22 AM IST

 സംഭവം തെങ്കാശിക്കടുത്ത്

ആക്രമണം രാത്രി ഡ്യൂട്ടിക്കിടെ

കൊല്ലം: തമിഴ്നാട് തെങ്കാശിക്ക് സമീപം റെയിൽവേ ഗേറ്റിലെ ഗാർഡ് റൂമിൽ രാത്രി ഒറ്റയ്ക്കായിരുന്ന മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം പീഡിപ്പിക്കാൻ ശ്രമം. ഫോൺ റിസീവറെടുത്ത് തലയ്ക്കടിച്ചു. ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചു.

തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയ കൊല്ലം സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. ഗുരുതര പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. മദ്യലഹരിയിലായിരുന്ന അക്രമി കാക്കി പാന്റ്സ് മാത്രമാണ് ധരിച്ചിരുന്നത്.

തെങ്കാശിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാവൂർ ഛത്രം റെയിൽവേ ഗേറ്റിൽ വ്യാഴാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഗാർഡ് റൂമിൽ മൊബൈലിൽ നോക്കിയിരിക്കെ,​ പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തതോടെ ക്രൂരമായി ആക്രമിച്ചു. സ്വർണാഭരണങ്ങളാണ് ആവശ്യമെങ്കിൽ തരാമെന്ന് യുവതി പറഞ്ഞെങ്കിലും അതല്ല വേണ്ടതെന്ന് പറഞ്ഞായിരുന്നു അക്രമം.

ഇറങ്ങിയോടിയെങ്കിലും പിന്തുടർന്ന് ചവിട്ടിവീഴ്‌ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചു. അതിനിടെ രക്ഷപ്പെട്ട് തൊട്ടടുത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. റെയിൽവേ ഗേറ്റിൽ നിന്ന് 500 മീറ്റർ അകലെ ഛത്രം റെയിൽവേ സ്റ്റേഷന് സമീപത്തെ വാടകവീട്ടിലാണ് യുവതി ഭർത്താവുമൊത്ത് താമസിക്കുന്നത്.

റെയിൽവേ സ്റ്റേഷന് സമീപത്തെ ഗേറ്റുകളിൽ ട്രാഫിക് വിഭാഗം ജീവനക്കാരെയും തുടർന്നുള്ള ഗേറ്റുകളിൽ എൻജിനിയറിംഗ് വിഭാഗത്തിലുള്ളവരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഛത്രം സ്റ്റേഷനിലെ ട്രാഫിക് വിഭാഗത്തിലെ അഞ്ച് ജീവനക്കാരും സ്ത്രീകളാണ്. അതിനാൽ രാത്രി ഡ്യൂട്ടി ഒഴിവാക്കാനാവില്ല. പുരുഷന്മാർക്ക് രാത്രി ഡ്യൂട്ടി നൽകുന്ന തരത്തിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്ന ആവശ്യം വർഷങ്ങളായുണ്ടെങ്കിലും നടപ്പായിട്ടില്ല.

ഭയന്നുവിറച്ച്

വനിതാ ജീവനക്കാർ

ഗേറ്രുകളിൽ രാത്രി ഒറ്റയ്ക്ക് ഡ്യൂട്ടി നോക്കുന്ന വനിതകൾ ഭയന്നുവിറച്ചാണ് നേരം വെളുപ്പിക്കുന്നത്

പല റെയിൽവേ ഗേറ്റുകളുടെയും ഏറെ അകലെ മാത്രമാണ് ജനവാസമുള്ളത് അക്രമം ഭയന്ന് പലരും കുടുംബാംഗങ്ങളെ ആരെയെങ്കിലും ഒപ്പം കൂട്ടാറുണ്ട്

 രാത്രിയിൽ പുരുഷന്മാരെ ഗേറ്റ് കീപ്പറാക്കണമെന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ

'' ട്രാഫിക് വിഭാഗത്തിലും എൻജിനിയറിംഗ് വിഭാഗത്തിലും 90 ശതമാനവും വനിതകളാണ്. അതിനാൽ പുനർവിന്യാസത്തിലൂടെയും പ്രശ്നം പരിഹരിക്കാനാവാത്ത അവസ്ഥയാണ്.

-രാജേഷ് ചന്ദ്രൻ,​ സീനിയർ ഡിവിഷണൽ

ഓപ്പറേഷൻസ് മാനേജർ, മധുര