സൂപ്പർ സമനിലയിൽ പിരിഞ്ഞ് ബാഴ്സലോണയും മാഞ്ചസ്റ്ററും

Friday 17 February 2023 11:00 PM IST

മാഡ്രിഡ്: യൂറോപ്പ ലീഗ് ഫുട്ബാളിലെ വമ്പൻ പോരാട്ടത്തിൽ രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡും. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിലാണ് ആദ്യ പാദ പ്ലേ ഓഫ് പോരാട്ടം നടന്നത്. രണ്ടാം പകുതിയിലാണ് നാലുഗോളുകളും പിറന്നത്. ബാഴ്സയ്ക്കായി മാർക്കോസ് അലോൺസോയും റഫീഞ്ഞയും സ്കോർ ചെയ്തപ്പോൾ മാർക്കസ് റാഷ്ഫോർഡിന്റെ ഗോളും ബാഴ്സ ഡിഫൻഡർ യൂൾസ് കുണ്ടേയുടെ സെൽഫ് ഗോളും മാഞ്ചസ്റ്ററിന് തുണയായി.

ആക്രമണ ഫുട്ബാളിന്റെ എല്ലാ സൗന്ദര്യവും കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ഇരു ടീമും സൃഷ്ടിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതിനിടെ പെഡ്രിയെ പരിക്ക് കാരണം നഷ്ടമായത് ബാഴ്സയ്ക്ക് തിരിച്ചടിയായി.

50-ാം മിനിട്ടിൽ മാർക്കോസ് അലോൺസോയിലൂടെ ബാഴ്സ ആദ്യ ഗോൾ നേടി. റഫീഞ്ഞ്യയെടുത്ത കോർണർ ബോക്സിന് പുറത്തുനിന്ന് കൃത്യമായി ഓടിക്കയറി അലോൺസോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.എന്നാൽ രണ്ടു മിനിട്ടിനുള്ളിൽ മാർക്കസ് റാഷ്ഫോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറുപടിയെത്തി. ഫ്രെഡ് നൽകിയ പന്തുമായി ബോക്സിലേക്ക് കയറിയ റാഷ്ഫോർഡ് ബാഴ്സ ഗോളി ടെർസ്റ്റേഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

59-ാം മിനിട്ടിൽ റാഷ്ഫോർഡ് ബോക്സിലേക്ക് നൽകിയ ക്രോസ് ബാഴ്സ ഡിഫൻഡർ യൂൾസ് കുൻഡെയുടെ ദേഹത്ത് തട്ടി വലയിൽ കയറി. ലീഡ് വഴങ്ങിയതോടെ അൻസു ഫാത്തിയെ ഇറക്കി ബാഴ്സ ആക്രമണങ്ങൾ ശക്തമാക്കി. 76-ാം മിനിറ്റിൽ റഫീഞ്ഞ്യ ബോക്സിൽ ലെവൻഡോവ്സ്‌കിയെ കണക്കാക്കി നല്‍കിയ ഒരു ലോംഗ് ക്രോസ് നേരിട്ട് വലയിൽ കയറിയതോടെ ബാഴ്സ ഒപ്പമെത്തി.