സന്തോഷത്തിന് സാദ്ധ്യതയുണ്ട് !

Friday 17 February 2023 11:03 PM IST

സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ ഒഡിഷയെ വീഴ്ത്തി കേരളം സെമി സാദ്ധ്യത നിലനിറുത്തി

ഭുവനേശ്വർ: നിർണായക മത്സരത്തിൽ ഏകപക്ഷകീമായ ഒരു ഗോളിന് ആതിഥേയരായ ഒഡിഷയെ കീഴടക്കിയ കേരളം സന്തോഷ് ട്രോഫി ഫുട്‌ബാളിൽ സെമി ഫൈനൽ സാധ്യതകൾ നിലനിറുത്തി. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ നിജോ ഗിൽബർട്ട് നേടിയ ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന കേരളത്തിന് ഞായറാഴ്ച അവസാനഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബിനെ മികച്ച മാർജിനിൽ തോൽപ്പിക്കാനാവുകയും ഒഡിഷ കർണാടകത്തെ തോൽപ്പിക്കുകയും ചെയ്താൽ സൗദിയിൽ നടക്കുന്ന സെമിയിലെത്താം.

തുടക്കം മുതൽ ഇരു ടീമുകളും ആക്രമണം നടത്തിയമത്സരത്തിന്റെ 15-ാം മിനിട്ടിൽ കേരളത്തിനനുകൂലമായി റഫറി പെനാൽട്ടി വിധിച്ചതാണ് നിർണായകമായത്. ഒഡിഷ താരത്തിന്റെ ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റി നിജോ ഗോൾകീപ്പറെ കബളിപ്പിച്ച് നിഷ്പ്രയാസം വലയിലാക്കുകയായിരിന്നു. ഫൈനൽ റൗണ്ടിലെ നിജോയുടെ മൂന്നാം ഗോളായിരുന്നു ഇത്.

ഗോൾ വഴങ്ങിയ ശേഷം ഒഡിഷ ആക്രമിച്ചുകളിച്ചു. പലപ്പോഴും കേരള ബോക്‌സിനുള്ളിൽ ആതിഥേയർ ഭീതിപരത്തി. എന്നാൽ കേരളത്തിന്റെ പ്രതിരോധം മികവിലേക്ക് ഉയർന്നത് തുണയായി. ഗോൾ നേടിയതിന് ശേഷം മികച്ച മുന്നേറ്റങ്ങൾ ആദ്യപകുതിയിൽ കേരളത്തിൽ നിന്നുണ്ടായില്ല. രണ്ടാം പകുതിയിൽ വിജയം ഉറപ്പിക്കാൻ കേരളം കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒഡിഷ പരമാവധി ശ്രമിച്ചിട്ടും ഗോളടിക്കാനായില്ല. ഈ തോൽവിയോടെ ഒഡിഷയുടെ സെമി ഫൈനൽ സാധ്യതകൾ അസ്തമിക്കുകയും ചെയ്തു. നാലുമത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പഞ്ചാബാണ് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. പഞ്ചാബ് ഇന്നലെ ഗോവയെ 3-1ന് തോൽപ്പിച്ചിരുന്നു.മഹാരാഷ്ട്രയുമായി 3-3ന് സമനില വഴങ്ങിയ കർണാടക എട്ടുപോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാമതുള്ള കേരളത്തിന് നാലുകളികളിൽ നിന്ന് ഏഴുപോയിന്റാണുള്ളത്.