ശ്രീനാരായണ ഗുരുദേവന്റെ ദാർശനിക ചിന്തകൾ കാലാതീതവും അനശ്വരവുമാണ്: മന്ത്രി വീണാ ജോർജ്

Saturday 18 February 2023 12:06 AM IST
സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ സത്യദർശനത്തെ മുൻനിർത്തി സംഘടിപ്പിച്ച ദാർശനിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ ദാർശനിക ചിന്തകൾ കാലാതീതവും അനശ്വരവുമാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഏതെങ്കിലുമൊരു ചെറിയ അംശം എടുത്ത് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ സത്യദർശനത്തെ മുൻനിർത്തി സംഘടിപ്പിച്ച ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പീഢ ഒരു ഉറുമ്പിന് പോലും പാടില്ലെന്ന അനുകമ്പാ ദശകത്തിലെ ഗുരുദേവ ദർശനമാണ് ഏറ്റവും മഹത്തരം. സ്വാഭാവികമായ ചിന്തകൾ ഉണർത്താനാകുന്ന ഇടങ്ങൾ ഉണ്ടായാൽ മാത്രമേ പുതുദർശനങ്ങൾ ലോകത്തിന് ലഭിക്കൂ. നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതാണ് ഓരോ വർഷവും നടക്കുന്ന സർവമത സമ്മേളനം. സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അദ്ധ്യക്ഷത വഹിച്ചു. സ്വാമി ത്യാഗീശ്വരൻ വിശിഷ്ടാതിഥിയായിരുന്നു. സ്വാമി നന്ദാത്മജാനന്ദ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ഡോ. ഗീത സുരാജ്, സ്വാമി വീരേശ്വരാനന്ദ, കെ.എൻ. ദിവാകരൻ എന്നിവർ സംസാരിച്ചു.