ഓസീസ് 263ന് പുറത്ത്

Friday 17 February 2023 11:09 PM IST

ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓസ്ട്രേലിയ 263 ആൾഒൗട്ട്,ഇന്ത്യ 21/0

ഷമിക്ക് നാലുവിക്കറ്റ്,അശ്വിനും ജഡേജയ്ക്കും മൂന്ന് വിക്കറ്റ് വീതം

ന്യൂഡൽഹി : പേസും സ്പിന്നും ഇഴചേർത്തെടുത്ത ആക്രമണവുമായി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 263 റൺസിൽ ആൾഒൗട്ടാക്കിയ ഇന്ത്യ ഒന്നാം ദിവസം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസെടുത്തു. ഇപ്പോൾ 242 റൺസ് പിന്നിലാണ് ഇന്ത്യ.

നാലുവിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ചേർന്നാണ് ഓസീസിനെ ഒതുക്കിയത്. അർദ്ധസെഞ്ച്വറികൾ നേടിയ ഉസ്മാൻ ഖ്വാജയും(81),പീറ്റർ ഹാൻഡ്സ്കോംബുമാണ് (72 നോട്ടൗട്ട്) ഓസീസ് നിരയിൽ പൊരുതിയത്. ക്യാപ്ടൻ പാറ്റ് കമ്മിൻസ് 33 റൺസടിച്ചു.

15-ാം ഓവറിൽ ഡേവിഡ് വാർണറെ(15) വിക്കറ്റ് കീപ്പർ ഭരതിന്റെ കൈയിലെത്തിച്ച് ഷമിയാണ് വേട്ട തുടങ്ങിയത്. 23-ാം ഓവറിൽ മാർനസ് ലാബുേഷനെയെയും (18)സ്റ്റീവൻ സ്മിത്തിനെയും (0) പുറത്താക്കിയ അശ്വിനാണ് കളി ഇന്ത്യയുടെ കൈയിലേക്ക് കൊണ്ടുവന്നത്. 94/3 എന്ന സ്കോറിനാണ് ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് ശേഷം 108ൽ വച്ച് ട്രാവിസ് ഹെഡിനെ (12) ഷമി രാഹുലിന്റെ കൈയിലെത്തിച്ചു. തുടർന്ന് ഖ്വാജയ്ക്ക് കൂട്ടായെത്തിയ ഹാൻഡ്സ് കോംബ് പതിയെ കാലുറപ്പിച്ചു. ടീം സ്കോർ 167ൽ വച്ച് ജഡേജയുടെ ബൗളിംഗിൽ റിവേഴ്സ് സ്വീപ്പ് നടത്തിയ ഖ്വാജയെ സ്ക്വയറിലെ ഒറ്റക്കയ്യൻ ഡൈവിംഗ് ക്യാച്ചിലൂടെ രാഹുൽ തിരിച്ചയച്ചു. 125 പന്തുകളിൽ 12 ഫോറും ഒരു സിക്സുമടക്കമാണ് ഖ്വാജ ഓസീസിന്റെ ടോപ് സ്കോററായത്. തുടർന്ന് ഹാൻഡ്സ്കോംബ് ഒരറ്റത്ത് പൊരുതവേ അലക്സ് കാരേ(0),കമ്മിൻസ്,ടോഡ്മർഫി(0),നഥാൻ ലയൺ(10),ക്യുനേമാൻ (6) എന്നിവരെക്കൂടിപുറത്താക്കി ഇന്ത്യ ചായയ്ക്ക് ശേഷം ഓസീസ് ഇന്നിംഗ്സിന് കർട്ടനിട്ടു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും (13*) കെ.പൽ രാഹുലുമാണ് (4*) ക്രീസിൽ. ഇന്നലെ മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായാണ് ഓസീസ് ഇറങ്ങിയത്. നഥാൻ ലയൺ,ടോഡ് മർഫി എന്നിവർക്കൊപ്പം ഇടംകയ്യൻ സ്പിന്നർ ക്യുനേമാൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ക്യാപ്ടൻ കമ്മിൻസ് മാത്രമാണ് ടീമിലെ ഏകപേസർ.ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പ്ളേയിംഗ് ഇലവനിലെത്തി.

100

ഇന്ത്യൻ താരം ചേതേശ്വർ പുജാരയുടെ നൂറാം ടെസ്റ്റായിരുന്നു ഇത്.

രവിചന്ദ്രൻ അശ്വിൻ ഓസ്ട്രേലിയ്ക്ക് എതിരെ ടെസ്റ്റിൽ 100 വിക്കറ്റുകൾ തികച്ചു.

250

രവീന്ദ്ര ജഡേജ ടെസ്റ്റിൽ 250 വിക്കറ്റുകൾ തികച്ചു. ഉസ്മാൻ ഖ്വാജയായിരുന്നു ജഡേജയുടെ 250-ാമത്തെ ഇര.