ശിവരാത്രി മണപ്പുറത്തെ പൊലീസ് കൺട്രോൾ റൂം ഉദ്ഘാടനം ഇന്ന്
ആലുവ: മഹാശിവരാത്രി ആഘോഷ സമയത്തെ സേവനങ്ങൾക്കുള്ള പൊലീസ് കൺട്രോൾ റൂം ഇന്ന് രാവിലെ തുറക്കും. രാവിലെ പത്തിന് എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമുണ്ട്. തുടർന്ന് മണപ്പുറത്തെ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്യും. ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, എസ്.പി വിവേക് കുമാർ എന്നിവർ സംബന്ധിക്കും.
ആലുവ മണപ്പുറത്തെ സുരക്ഷയ്ക്കായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 1250 പൊലീസ് ഉദ്യോഗസ്ഥർ, ഒമ്പത് ഡിവൈ.എസ്.പിമാർ, 23 ഇൻസ്‌പെക്ടർമാർ എന്നിവരുൾപ്പെടെയുള്ള സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും.
വാച്ച് ടവറിൽ എല്ലാ സമയവും നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പട്രോളിംഗ് ടീമിനെയും ഏർപ്പെടുത്തിയിട്ടുണ്ട്. മഫ്ടിയിലും പൊലീസ് ഉദ്യോഗസ്ഥരുണ്ടാവും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മറ്റ് തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുണ്ടാകും. ബോംബ്, ഡോഗ് സ്‌ക്വാഡുകളും സേവനത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്. കൺട്രോൾ റൂം ഫോൺ: 0484 2924938.