അവർണരെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് ഗുരു: പി.പ്രസാദ്

Saturday 18 February 2023 12:04 AM IST
സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ മലയാളനാട് അരുവിപ്പുറം പ്രതിഷ്ഠക്ക് മുമ്പും പിമ്പും എന്ന വിഷയത്തെ മുൻനിർത്തി സംഘടിപ്പിച്ച ചരിത്ര സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആരാധനാ സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന അവർണ ജനവിഭാഗത്തെ അവഗണനയുടെ പടുകുഴിയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചമുള്ള വഴിയിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ 'മലയാളനാട് അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുമ്പും പിമ്പും" എന്ന വിഷയത്തെ മുൻനിർത്തി സംഘടിപ്പിച്ച ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുരുദേവൻ തുടക്കമിട്ട നവോത്ഥാന പ്രവർത്തനങ്ങൾ ഇന്നും അതേരൂപത്തിൽ മുന്നോട്ടുപോകുന്നുണ്ടോയെന്നതിൽ സംശയമുണ്ട്. ഗുരുദേവൻ ഉയർത്തിയ നവോത്ഥാന മൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുകയാണ്. സങ്കുചിതമായ ചിന്തകളുടെ തടവറയിലേക്ക് സമൂഹം വീഴുന്നു. ഈ സാഹചര്യത്തിലാണ് ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ കൂടുതൽ പ്രചരിപ്പിക്കേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠ മാറ്റത്തിന്റെ ചുവടുവയ്പ്പായിരുന്നു. അത് നവോത്ഥാന പ്രവർത്തനങ്ങളുടെ തുടക്കമായിരുന്നു. നാടുകണ്ട ഏറ്റവും വിപ്ളവകരമായ പ്രവർത്തനം. അരുവിപ്പുറം പ്രതിഷ്ഠ നാടിന് ആത്മവിശ്വാസവും കരുത്തും പകർന്നു. പ്രതിഷ്ഠ നടത്തിയിട്ടും ക്ഷേത്രമെന്ന് പറയാൻ മടിച്ച ഗുരുദേവനെയാണ് നാം കണ്ടത്. എല്ലാത്തിനും അപ്പുറം മനുഷ്യനെയാണ് ഉയർത്തേണ്ടതെന്ന ചിന്തയായിരുന്നു ഗുരുവിനുണ്ടായത്. എല്ലാ മതത്തെയും മനസിലാക്കാൻ എല്ലാവർക്കും അവസരമുണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഗുരു സർവമത സമ്മേളനത്തിന് നേതൃത്വം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അദ്ധ്യക്ഷത വഹിച്ചു. സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ചു. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയായി. കെ.എൻ. ഗണേശ്, പ്രൊഫ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, ടി.ജി. മോഹൻദാസ്, പി.പി. രാജൻ, എൻ.കെ. ബൈജു, കെ.എസ്. സ്വാമിനാഥൻ, ജെനീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.