ഐ.പി.എൽ ഫിക്സചർ റെഡി
മുംബയ് : പുതിയ സീസൺ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 31 ന് അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെ കൊടിയേറും . മേയ് ആറിന് നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും മുംബയ് ഇന്ത്യൻസും തമ്മിലുള്ള പോരാട്ടം ഐ.പി.എൽ ചരിത്രത്തിലെ 1000-ാമത്തെ മത്സരമായിരിക്കും. 10 ടീമുകൾ രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ പ്രാഥമിക ലീഗിൽ ഏറ്റുമുട്ടുക. ഒരു ടീമിന് 14 മത്സരങ്ങൾ കളിക്കാനുണ്ടാകും. 12 വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ഇത്തവണ എല്ലാ ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതമുണ്ടാവും. മാർച്ച് 31 മുതൽ മേയ് 21 വരെയായാണ് ഗ്രൂപ്പ് ഘട്ടത്തിലെ 70 മത്സരങ്ങൾ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് രാത്രി 7.30 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. മേയ് 21 നാണ് ലീഗിലെ അവസാന മത്സരം. ഈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റാൻസിനെ നേരിടും. 52 ദിവസങ്ങളിലായി ലീഗ് മത്സരങ്ങൾ പൂർത്തിയാകും. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പ് എ മുംബയ് ഇന്ത്യൻസ്,കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്,രാജസ്ഥാൻ റോയൽസ്,ഡൽഹി ക്യാപിറ്റൽസ്,ലക്നൗ സൂപ്പർ ജയന്റ്സ്. ഗ്രൂപ്പ് ബി ചെന്നൈ സൂപ്പർ കിംഗ്സ്,റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ,ഗുജറാത്ത് ടൈറ്റാൻസ്,പഞ്ചാബ് കിംഗ്സ്,സൺറൈസേഴ്സ് ഹൈദരാബാദ്. വേദികൾ അഹമ്മദാബാദ്,മൊഹാലി,ലക്നൗ,ഹൈദരാബാദ്,ബെംഗളുരു,ഡൽഹി,ചെന്നൈ,ഗോഹട്ടി,കൊൽക്കത്ത,മുംബയ്,ജയ്പുർ,ധർമ്മശാല