സാങ്കേതിക വി.സിയെ നീക്കാൻ സർക്കാർ: അപ്പീലിന് ഗവർണർ

Saturday 18 February 2023 12:16 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ നീക്കാൻ സർക്കാർ ശ്രമം തുടങ്ങി. താത്കാലിക വി.സി നിയമനത്തിന്

പാനൽ ശുപാർശ ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുള്ളവരുടെ പാനൽ തയ്യാറാക്കി ഗവർണർക്ക് ഉടൻ കൈമാറും..

എന്നാൽ, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ഗവർണർ. യു.ജി.സി മാനദണ്ഡപ്രകാരം ചാൻസലർക്കാണ് വി.സി നിയമനാധികാരം. സർക്കാരിന് ഇതിൽ പങ്കില്ലെന്നും, വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകുമെന്നും രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. സിസാതോമസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. സാങ്കേതിക സർവകലാശാലാ നിയമത്തിൽ യു.ജി.സി ചട്ടത്തിന് വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരണം പോലും യു.ജി.സി ചട്ടത്തിന് വിരുദ്ധമായതിനാലാണ് വി.സിയായിരുന്ന ഡോ.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്.

അതേ സമയം, സിസാതോമസിനെ മാറ്റാൻ കോടതി ഉത്തരവില്ലാത്തതിനാൽ ഗവർണർ അവരെ നീക്കം ചെയ്തേക്കില്ല. സിസാ തോമസിന് ഗവർണർ നൽകിയ നിയമന ഉത്തരവിൽ, മറ്റൊരു ഉത്തരവ് വരെ തുടരാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിസിയായി സിസയെ നിയമിച്ചു കൊണ്ടുള്ള ഗവണറുടെ ഉത്തരവും,സിസാ തോമസിന്റെ യോഗ്യതയും

ചോദ്യം ചെയ്തുള്ള സർക്കാർ വാദം ഡിവിഷൻ ബെഞ്ച് തള്ളിയതോടെ ,സിസാ തോമസിന് വിസിയായി തുടരുന്നതിന് തടസമില്ല. യൂണിവേഴ്സിറ്റി നിയമപ്രകാരം താത്കാലിക വി.സിക്ക് പരമാവധി ആറു മാസം തുടരാനാകും. നവംബറിൽ നിയമിക്കപ്പെട്ട സിസാ തോമസിന് ഏപ്രിൽ വരെ തുടരുന്നതിന് തടസമില്ല.

Advertisement
Advertisement