കുമ്പഴ - പത്തനംതിട്ട റോഡിൽ അപകടക്കെണികൾ: മന്ത്രി വരുന്നു.. കുഴി നികത്താൻ മണ്ണിട്ടോ.. !
@ രണ്ടര കിലോമീറ്റർ റോഡിൽ ഇരുപതോളം കുഴികൾ
@ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ ദേഹത്ത് ബസ് കയറിയിറങ്ങിയ സംഭവം നടന്നിട്ടും റോഡ് നന്നാക്കാൻ നടപടിയില്ല
പത്തനംതിട്ട: കുമ്പഴ - പത്തനംതിട്ട റോഡിൽ ആഴത്തിലുള്ള കുഴികളിൽ വീണ് വീണ്ടും അപകടം. ഇന്നലെ ജില്ലാ ജയിലിന് സമീപം ബൈക്കിലെത്തിയ യുവാക്കൾ കുഴിയിൽ മറിഞ്ഞു. തലനാരിഴയ്ക്ക് വാഹനങ്ങൾ ദേഹത്ത് കയറാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ജോലി സ്ഥലത്തേക്കു പോയ മലയാലപ്പുഴ സ്വദേശികളായ യുവാക്കളാണ് മരണത്തിന്റെ വക്കിൽ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് യുവതിയുടെ കാലിലൂടെ സ്വാകാര്യ ബസ് കയറിയിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായില്ല. വാഹനങ്ങൾ കുഴികളിൽ ഇറങ്ങാതെ ഒഴിഞ്ഞു പോകുന്നതിന്റെ ഭാഗമായി റോഡിന്റെ നടുവിലൂടെ ഒാടിക്കേണ്ടതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. ചെറുതും വലുതുമായി ഇരുപതോളം കുഴികളാണ് റോഡിലുള്ളത്.
ഇന്നലെ കായിക മന്ത്രി അബ്ദുൾ റഹ്മാൻ ഇതുവഴി കടന്നുപോകുന്നതിന് മുൻപായി റോഡിലെ കുഴികളിൽ ചെളിമണ്ണ് നിറച്ചത് കൂടുതൽ കെണിയായി. നനഞ്ഞ മണ്ണിലൂടെ കയറിയിറങ്ങിയ വാഹനങ്ങൾ തെന്നിമാറി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളാണ് കുഴികളിൽ മണ്ണ് നിറച്ചത്. രാവിലെ അപകടം നടന്നത് കണ്ടതുകൊണ്ടാണ് മണ്ണ് നിറച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. വൈകിട്ടോടെ മണ്ണ് നിറച്ച കുഴികൾക്ക് സമീപത്തുണ്ടായിരുന്ന പൈപ്പ്ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി. റോഡിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വട്ടർ അതോറിറ്റിയാണ് റോഡ് കുഴിച്ചത്. കനത്ത മഴ സമയത്ത് ടാറിംഗ് വീണ്ടും ഇളകി വൻ കുഴികൾ രൂപപ്പെട്ടു. അബാൻ മുതൽ കുമ്പഴ വരെ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് റോഡ് തകർന്നു കിടക്കുന്നത്. വാട്ടർ അതോറിറ്റിയും പൊതുമരാമത്തും തമ്മിലുള്ള തർക്കമാണ് റോഡ് തകർച്ചയ്ക്ക് കാരണം.