കെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡുവായി തന്നെ ശമ്പളം

Saturday 18 February 2023 1:17 AM IST

തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടിലും,

കെ.എസ്.ആർ.ടി.സിയിലെ ശമ്പളം രണ്ട് ഗഡുവായി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കർ തൽക്കാലം പിൻവാങ്ങില്ല. ഈ തീരുമാനമെടുക്കേണ്ട സാഹചര്യം ഗതാഗത മന്ത്രി ആന്റണി രാജു ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ധരിപ്പിച്ചു.

എല്ലാ മാസവും ശമ്പള വിതരണത്തിന് സർക്കാർ 50 കോടി നൽകുന്നുണ്ടെങ്കിലും, അത് അഞ്ചാം തീയതിക്കു മുമ്പ് ലഭ്യമാകാത്തതിനാലാണ് ലഭ്യമായ തുക കൊണ്ട് ശമ്പളത്തിന്റെ ആദ്യ ഗഡു അഞ്ചിനു മുമ്പ് നൽകാൻ തീരുമാനിച്ചത്.മുഴുവൻ ശമ്പളവും നൽകാനുള്ള തുക ലഭിക്കുന്നതു വരെ കാത്തിരുന്നാൽ ശമ്പളം നൽകാൻ മാസത്തിന്റെ പകുതി കഴിയുന്ന അവസ്ഥയാണിപ്പോൾ. വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ആദ്യ ഗഡു അഞ്ചിനു മുമ്പ് നൽകുന്നതെന്നാണ് സർക്കാർ വാദം. ഗഡുക്കളായി വേണ്ട,​ സർക്കാർ സഹായം ലഭിച്ചശേഷം ഒരുമിച്ചു ശമ്പളം മതിയെന്നുള്ളവർ 25നു മുൻപ് ഡിപ്പോകളിൽ സമ്മതപത്രം നൽകണമെന്നാണ് യൂണിറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിലെ നിർദേശം.

പുതിയ ഉത്തരവിലൂടെ ജീവനക്കാരെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രി

ആന്റണി രാജു പ്രതികരിച്ചത്.. മാസാദ്യം തന്നെ മുഴുവൻ ശമ്പളവും വേണ്ടതില്ലോയെന്നും, പുതിയ രീതി ആരെയും നിർബന്ധിച്ച് അടിച്ചേൽപിക്കില്ലെന്നും മന്ത്രി പറഞ്ഞു.അതേ സമയം കെ.എസ്.ആർ.ടി.സി ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടനകൾ ഇന്നലെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സി.എം.ഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ചു. ചീഫ് ഓഫീസിന് മുന്നിൽ ഉത്തരവിന്റെ കോപ്പി പ്രതിഷേധക്കാർ കത്തിച്ചു. ബിജു പ്രഭാകരനെ വ്യക്തപരമായി അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ ബസുകളിൽ പതിപ്പിച്ചിട്ടുണ്ട്.