മുഖ്യമന്ത്രി പദവിയിൽ കൂടുതൽ നാൾ: പിണറായി നാലാമത്

Saturday 18 February 2023 12:00 AM IST

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽ ദിവസം ഇരുന്നവരുടെ പട്ടികയിൽ പിണറായി വിജയൻ നാലാം സ്ഥാനത്തെത്തി. ഉമ്മൻചാണ്ടിയുടെ 2459 ദിവസത്തെ റെക്കാഡാണ് ഇന്നലെ പിണറായി മറി കടന്നത്.

തുടർച്ചയായി കേരളത്തിൽ മുഖ്യമന്ത്രി പദവി വഹിച്ചവരിൽൽ പിണറായി തന്നെ ഒന്നാമൻ. ഇക്കാര്യത്തിൽ ഒന്നാമതായിരുന്ന സി.അച്ചുതമേനോനെ (2,364 ദിവസം) 2022 നവംബർ 14 ന് പിണറായി മറി കടന്നിരുന്നു. 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയുമാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദവി വഹിച്ചിരുന്നത്. പിണറായി 2016 മുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു.

കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്ചുത മേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ചവരിൽ ആദ്യ മൂന്നു സ്ഥാനത്ത്. ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നത് സി.എച്ച്.മുഹമ്മദ് കോയ-53 ദിവസം.

കൂടുതൽ കാലം

മുഖ്യമന്ത്രിമാർ

#ഇ.കെ.നായനാർ.....10 വർഷം, 353 ദിവസം

#കെ.കരുണാകരൻ...8 വർഷം, 315 ദിവസം

#സി.അച്ചുത മേനോൻ...7 വർഷം, 80 ദിവസം

#പിണറായി വിജയൻ...6 വർഷം 268 ദിവസം

#ഉമ്മൻചാണ്ടി .........6 വർഷം 256 ദിവസം