കാലിക്കറ്റിന് താത്കാലിക സിൻഡിക്കേറ്റ്: ബില്ല് അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി തേടി

Saturday 18 February 2023 12:23 AM IST

തിരുവനന്തപുരം: മാർച്ച് അഞ്ചിന് കാലാവധി കഴിയുന്ന കാലിക്കറ്റ് സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടി. 23ന് ഗവർണർ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കും.

വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കവരുന്ന ബില്ലിന് സമാനമാണിതെന്ന് രാജ്ഭവൻ വിലയിരുത്തുന്നു.കാലിക്കറ്റ് സർവകലാശാല നിയമ പ്രകാരം സിൻഡിക്കേറ്റ് പിരിച്ചു വിടുകയോ കാലാവധി കഴിയുകയോ ചെയ്താൽ ചാൻസലർക്ക് താൽക്കാലിക സിൻഡിക്കേറ്റിനെ നിയമിക്കാം. ഗവർണറുടെ ഈ അധികാരം കവരുന്നതാണ് പുതിയ ബിൽ . പ്രതിപക്ഷത്തെ പൂർണമായി ഒഴിവാക്കി സർക്കാരിന് സ്വന്തം നിലയിൽ സിൻഡിക്കേറ്റ് രൂപീകരിക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണം.

കാലാവധി അവസാനിക്കുന്നതിന് അഞ്ചു മാസം മുമ്പെങ്കിലും തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയാലേ, കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ സമിതികൾ നിലവിൽ വരുമായിരുന്നുള്ളൂ. സെനറ്റ്, സിൻഡിക്കേറ്റ് സമിതികൾ പുന സംഘടിപ്പിക്കുന്നതിന് ചുമതലപ്പെട്ട വിസി സിപിഎമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറായില്ല. ഇതോടെ ,കാലാവധി കഴിയുമ്പോഴേക്ക് പുതിയ സമിതികൾക്ക് ചുമതലയേൽക്കാൻ കഴിയാതെയായി.

കാലിക്കറ്റിൽ 2018ൽ കാലാവധി കഴിഞ്ഞ സിൻഡിക്കേറ്റിന് പകരം ഓർഡിനൻസിലൂടെ ഒരു വർഷത്തേക്ക് താത്കാലിക സമിതിയെ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു. മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ അതിൽ അംഗങ്ങളായിരുന്നു.നിയമസഭ ചേരുന്നതിനാലാണ് ഓർഡിനൻസിന് പകരം ഇപ്പോൾ ബില്ല് കൊണ്ടുവരുന്നത്.

Advertisement
Advertisement