ബാബുജോർജിന് മറുപടിയുമായി ഡി.സി.സി പ്രസിഡന്റ്

Friday 17 February 2023 11:28 PM IST

സ്ഥാനങ്ങൾ ലഭിച്ചപ്പോൾ കുര്യൻ ദൈവം, ഇപ്പോൾ ചെകുത്താനായി

പത്തനംതിട്ട: മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും മുതിർന്ന നേതാവുമായ പ്രൊഫ. പി.ജെ കുര്യനെ അപകീർത്തിപ്പെടുത്തുന്ന വിധം മുൻ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് നടത്തിയ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്ത കെട്ടിച്ചമച്ച നുണകളാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ബാബുജോർജ് പ്രസിഡന്റായിരുന്നപ്പോൾ ഉണ്ടായ വീഴ്ചകൾ മറയ്ക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രൊഫ. പി.ജെ കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് എന്നിവർക്കെതിരെ ഉന്നയിക്കുന്നത്.

പി.ജെ കുര്യൻ അനുകരണീയ നേതാവാണെന്ന് ദിവസവും പറഞ്ഞുകൊണ്ടിരുന്നവർ തന്നെ അദ്ദേഹത്തെ ആക്ഷേപിച്ച് രംഗത്ത് വന്നിരിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സ്ഥാനമാനങ്ങൾ ഉണ്ടായിരുന്നപ്പോൾ പി.ജെ കുര്യൻ ദൈവവും അത് നഷ്ടപ്പെട്ടപ്പോൾ ചെകുത്താനും ആകുന്നത് എങ്ങനെയാണ്?. ഡി.സി.സി പ്രസിഡന്റായിരുന്നപ്പോൾ പി.ജെ കുര്യൻ പ്രവർത്തിക്കുവാൻ അനുവദിക്കുന്നില്ലെന്ന് വിളിച്ചു പറയുവാൻ ബാബു ജോർജ് തന്റേടം കാണിക്കാതിരുന്നത് എന്തുകൊണ്ടാണ് ?. കുര്യന്റെ സഹായം നിർലോഭം സ്വീകരിച്ചിട്ട് അധികാരസ്ഥാനം ഇല്ലാതായപ്പോൾ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി നടക്കുന്നയാൾ നടത്തുന്ന സ്വഭാവഹത്യാശ്രമം നികൃഷ്ടമാണ്.

ഡി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിൽ പി.ജെ കുര്യൻ ആരെയും മോശമായി ചിത്രീകരിച്ചു സംസാരിച്ചിട്ടില്ല.

ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പ് സമയത്ത് ഡി.സി.സി പ്രസിഡന്റായിരുന്ന ബാബു ജോർജ് സ്ഥനാർത്ഥികളിൽ നിന്ന് പണം വാങ്ങിയിട്ട് സാമ്പത്തിക പരാധീനതയുള്ളവരെപ്പോലും സഹായിച്ചില്ല എന്ന പരാതിയെപ്പറ്റിയും അത് വീഴ്ചയാണെന്ന പരാമർശവുമാണ് നടത്തിയത്.

ഡി.സി.സി. ഓഫീസിലെ കതകിന് തൊഴിച്ച സംഭവത്തിൽ ബാബു ജോർജ് മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തത്. പുന:സംഘടനാ സമിതി യോഗത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കണമെന്ന് ബാബു ജോർജ് നിർബന്ധം പിടിച്ചു. മാനദണ്ഡങ്ങൾ വിശദീകരിച്ചപ്പോൾ ബഹളം ഉണ്ടാക്കി ഇറങ്ങിപ്പോയി. തിരികെ വന്ന് ഓഫീസിന്റെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. വെളിയിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകരിൽ ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച് ഡി.സി.സി അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കും.