മുട്ടക്കറിയിൽ പുഴു, 6 വിദ്യാർത്ഥികൾ ആശുപത്രിയിൽ

Saturday 18 February 2023 12:00 AM IST

വാഗമൺ: മുട്ടക്കറിയിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് വാഗമണിൽ വാഗാലാൻഡ് എന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ഇത് കഴിച്ച ആറ് കോളേജ് വിദ്യാർത്ഥികൾക്ക് ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഗ്ലോബൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് വാഗമണിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥി സംഘത്തിൽ പെട്ടവരാണ് ഇവർ.

ഇന്നലെ രാവിലെയാണ് സംഘം ഹോട്ടലിലെത്തിയത്. ഓർഡർ ചെയ്ത മുട്ടക്കറിയിൽ പുഴു കണ്ടെത്തുകയായിരുന്നു. ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മർദ്ദിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തി. പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. ഇതേ കാരണത്താൽ ഒരുമാസം മുമ്പും ഈ ഹോട്ടൽ അടപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് തുറന്ന് പ്രവർത്തിക്കുകയായിരുന്നു.