കാടുമൂടി നിർമ്മിതികേന്ദ്രയുടെ കെട്ടിടങ്ങൾ: ആരുണ്ട് ചോദിക്കാൻ ?

Friday 17 February 2023 11:32 PM IST

പത്തനംതിട്ട: കാടുപിടിച്ചുകിടക്കുന്ന പത്ത് കെട്ടിടങ്ങൾ. നിറയെ കാട്ടുപന്നികൾ. മല്ലപ്പുഴശേരി പഞ്ചായത്തിൽ തുണ്ടഴത്ത് ഇരുപത്തഞ്ച് വർഷത്തിലധികമായി കാടുകയറി നശിക്കുന്ന നിർമ്മിതികേന്ദ്രയുടെ കെട്ടിടങ്ങളാണിത്. 32 വർഷം മുമ്പാണ് ലാറിബേക്കർ മാതൃകയിൽ നിർമ്മിതി കേന്ദ്ര ജില്ലാ ഓഫിസിന്റെ പത്ത് കെട്ടിടങ്ങൾ ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് നിർമ്മിതികേന്ദ്ര അടൂരിലേക്ക് മാറ്റി . ഇതോടെ കെട്ടിടങ്ങൾ എസ്.സി, എസ്. ടി പരിശീലനകേന്ദ്രമാക്കി. പട്ടികജാതി വകുപ്പ് വാടക നൽകി കുറച്ചുനാൾ ഉപയോഗിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു . ശേഷം ആരും ഉപയോഗിക്കാതെ കിടന്ന കെട്ടിടം കാടുകയറുകയായിരുന്നു. അധികൃതർ ശ്രദ്ധിക്കാറേയില്ല.

മല്ലപ്പുഴശേരി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ കെട്ടിടങ്ങൾ. 1.30 ഏക്കർ സ്ഥലമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ജില്ലയിൽ വിവിധ വകുപ്പുകൾക്ക് സ്വന്തമായി ഓഫീസ് കെട്ടിടമില്ലാതിരിക്കുമ്പോഴാണ് ഇൗ കെട്ടിടങ്ങൾ നശിക്കുന്നത്. പഞ്ചായത്ത് അധികൃതർ പി.എച്ച്.സിക്കായി കെട്ടിടം വിട്ടുനൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും മുഖവിലയ്ക്കെടുത്തില്ല. റവന്യുവിന്റെ ഉടമസ്ഥതയിലാണ് നിലവിൽ കെട്ടിടം. കളക്ടർ ചെയർമാനായ സമിതിക്കാണ് കെട്ടിടത്തിന്റെ ചുമതല.

കാടുപിടിച്ച കെട്ടിടങ്ങൾ കാട്ടുപന്നികളുടെ താവളമായതോടെ നാട്ടുകാരാണ് വലയുന്നത്. കാർഷിക വിളകൾ പന്നികൾ നശിപ്പിക്കുന്നു. ഇതിനുപുറമേ സാമൂഹ്യ വിരുദ്ധ ശല്യവുമുണ്ട്.

1.30 ഏക്കർ സ്ഥലം കാട് കയറി നശിക്കുന്നു

1991 ൽ പണിത കെട്ടിടങ്ങൾ

" രാത്രിയിൽ കാട്ടുപന്നി ആക്രമണം രൂക്ഷമാണ്. കൃഷി നശിപ്പിക്കും. ആ ഭാഗത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. എന്തെങ്കിലും ഓഫീസുകൾ ഇവിടെ വന്നാലേ പരിഹാരമാകു.

ജയ

(പ്രദേശവാസി)