മരിച്ച ആദിവാസി യുവാവിന്റെ ഷർട്ട് ഒരാഴ്ചകഴിഞ്ഞ് കണ്ടെത്തി

Saturday 18 February 2023 1:20 AM IST

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷർട്ട് പൊലീസും ഫോറൻസിക് വിഭാഗവും ഒരാഴ്ച കഴിഞ്ഞപ്പോൾ കണ്ടെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയ മരത്തിന് സമീപത്തെ കല്ലുകൾക്കിടയിലായിരുന്നു ഷർട്ട്. ഫോറൻസിക് പരിശോധനയ്ക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചു. ചെളി പുരണ്ട ഷർട്ടിന്റെ പോക്കറ്റിൽ 140 രൂപയും ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും ഉണ്ടായിരുന്നു. ദേഹത്ത് ഷർട്ടില്ലാതിരുന്നതിനാൽ കൊന്ന് കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ഉന്നയിച്ചിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞ രണ്ടുപേരെ തിരിച്ചറിയാൻ സി.സി.ടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും മൊബെെൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പത്തിലേറെപ്പേർ വിശ്വനാഥന് ചുറ്റും കൂടി നിൽക്കുന്നതും രണ്ടുപേർ സംസാരിക്കുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. 11ാം തീയതിയാണ് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രസവത്തിന് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാനെത്തിയ വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ (46) ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.