വണ്ടൂരിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും
വണ്ടൂർ: വണ്ടൂർ താലൂക്കാശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എം.പി അനുവദിച്ച ഡയാലിസിസ് യൂണിറ്റ് നിലവിലെ തടസ്സങ്ങൾ നീക്കി ഉടൻ തുടങ്ങാൻ എ.പി.അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. മെഡിക്കൽ ഓഫീസറടക്കം ഉൾപ്പെട്ട ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താൻ വേണ്ടി തീരുമാനിച്ചതായി യോഗത്തിനെത്തിയ ഡി.എം.ഒ ആർ.രേണുക പറഞ്ഞു. രാഹുൽ ഗാന്ധി താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാനായി അനുവദിച്ച 50 ലക്ഷത്തിന്റെ ഉപകരണങ്ങളിൽ ചിലത് മടക്കി അയക്കുകയും, മറ്റു ചിലത് ആരേയും അറിയിക്കാതെ കൈപ്പറ്റുകയും ചെയ്ത ആശുപത്രി അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിഷയത്തെപ്പറ്റി അന്വേഷിക്കാൻ എച്ച്.എംർ.സിയിലെ മൂന്ന് അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.മുബാറക്ക് ചുമതലപ്പെടുത്തിയിരുന്നു. മെഡിക്കൽ ഓഫീസർ, സീനിയർ ക്ലർക്ക്, സ്റ്റോർ കീപ്പർ എന്നിവർ കുറ്റക്കാരെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ തലൂക്കാശുപത്രിയിലെ ജീവനക്കാർ ഗുരുതരമായ വീഴ്ച്ച വരുത്തിയാൽ ബ്ലോക്ക് പഞ്ചായത്തിന് നടപടിയെടുക്കനുള്ള അധികാരം വെച്ച് സംസ്പെന്റ് ചെയ്യാനാണ് നീക്കം. ബി.ഡി.ഒ വിശദീകരണത്തിന് നോട്ടീസ് നൽകും. തുടർന്നാകും സസ്പെന്റ് അടക്കമുള്ള നടപടി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.മുബാറക്ക്, ഭരണ സമിതി അംഗങ്ങൾ, എച്ച്.എം.സി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.