കാപ്പാ നിയന്ത്രണ ലംഘനം; സ്ഥിരം കുറ്റവാളി കരുതൽ തടങ്കലിൽ

Saturday 18 February 2023 12:34 AM IST

കൊല്ലം: കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കൊല്ലം പോളയത്തോട്, വയലിൽ തോപ്പ് പുത്തൻ വീട്ടിൽ അരുൺദാസിനെയാണ് (30) കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മുതലുള്ള കാലയളവിൽ വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, അതിക്രമം, ആക്രമണം, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, കൊലപാതക ശ്രമം, നരഹത്യാശ്രമം എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത നാലു ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺദാസിനെതിരെ കാപ്പാ നിയമപ്രകാരം ആറ് മാസത്തേയ്ക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി ഉത്തരവിട്ടിരുന്നു. നിയന്ത്രണ കാലയളവിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർ ഇയാൾക്കെതിരെ ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിന് ഉത്തരവായത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചത്.