ആശുപത്രിയിലും അപ്പയുടെ മനസ് ജനങ്ങൾക്കൊപ്പം, മറിയ ഉമ്മന്റെ കുറിപ്പ് വൈറൽ

Saturday 18 February 2023 12:36 AM IST

തിരുവനന്തപുരം: ആശുപത്രി കിടക്കയിൽ തന്നെ കാണാനെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരനോട് ഉമ്മൻ ചാണ്ടി തിരക്കിയത് യെമനിലെ കോടതിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കാര്യം.

ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പങ്കു വച്ചത്. ബംഗളൂരുവിൽ ചികിത്സയിലുളള ഉമ്മൻ ചാണ്ടി സുഖം പ്രാപിക്കുന്നുവെന്ന വാർത്തയുടെ പിന്നാലെ വന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലായി.

ഉമ്മൻചാണ്ടി നെയ്യാറ്റിൻകര നിംസിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മുരളീധരൻ കാണാനെത്തിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുരളീധരനോട് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.നിമിഷ പ്രിയയെ എട്ട് വയസുളള മകളോടും കുടുംബത്തോടും ഒപ്പം ചേരാൻ സഹായിക്കണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു.

ഒരു യഥാർത്ഥ പൊതുപ്രവർത്തകന്റെ മനസ് ഐ.സി.യുവിൽ പോലും സ്വന്തം ആരോഗ്യത്തെ കുറിച്ച് വേവലാതിപ്പെട്ടില്ലെന്നും, എപ്പോഴും താൻ സ്നേഹിക്കുന്നവരും സേവിക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകളോടൊപ്പമാണെന്നും ആ അനുഭവം എനിക്ക് മനസിലാക്കിത്തന്നു.. താൻ വളരെയധികം സ്നേഹിക്കുന്ന ആളുകളെ സേവിക്കാൻ അപ്പ ഉടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ മകൾ എന്ന നിലയിൽ എത്ര ഭാഗ്യവതിയാണെന്ന് വീണ്ടും മനസിലാക്കിയ അനുഭവവുമാണ് ഇതെന്നും മറിയ പറയുന്നു. മറിയയുടെ കുറിപ്പ് നിരവധി പേർ പങ്കുവച്ചു. ഒട്ടേറെ കമന്റുകളും ഉണ്ട്.