ഷഹാനയെ തനിച്ചാക്കി പ്രണവ് മടങ്ങി

Saturday 18 February 2023 12:37 AM IST

ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായെങ്കിലും 'പ്രണവ് ഷഹാന" എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചോദനമായ കണ്ണിക്കര സ്വദേശി പ്രണവ് (31) വിടവാങ്ങി. സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട്, ജീവിതസഖിയാക്കിയ ഷഹാനയെ തനിച്ചാക്കിയാണ് പ്രണവ് മടങ്ങിയത്. മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ്. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

2020 മാർച്ച് മൂന്നിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം കഴിച്ചത്. എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.

എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതം കീഴ്‌മേൽ മറിച്ച അപകടം സംഭവിച്ചത്. കുതിരത്തടം പൂന്തോപ്പിൽ വച്ച് സുഹൃത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബി.കോം പൂർത്തിയാക്കി തുടർപഠനവും ജോലിയും സ്വപ്‌നം കാണുന്നതിനിടെയായിരുന്നു അപകടം. എന്നാൽ പിന്നീട് പ്രണവിന് എഴുന്നേൽക്കാനായില്ല. സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. പിന്നീട് വീൽച്ചെയറിലായി സഞ്ചാരം.

വൈറലായ വീഡിയോ

സോഷ്യൽ മീഡിയയിൽ കൂട്ടുകാർക്കൊപ്പം വീൽച്ചെയറിൽ ഉത്സവത്തിന് പോയ പ്രണവിന്റെ വീഡിയോ വൈറലായതോടെയാണ് മലയാളികളുടെ ഹൃദയത്തിൽ പ്രണവ് കയറിപ്പറ്റിയത്. വീഡിയോ കണ്ട പലരും അഭിനന്ദനങ്ങളറിയിച്ചു. അക്കൂട്ടത്തിലാണ് തിരുവനന്തപുരം സ്വദേശിയായ പത്തൊമ്പതുകാരി ഷഹാനയും പ്രണവിനെ തേടിയെത്തിയത്. സോഷ്യൽ മീഡിയയിലൂടെ സമീപിച്ച ഷഹാനയെ പ്രണവ് കണ്ടില്ലെന്ന് നടിച്ചെങ്കിലും പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാനായില്ല. ഇരുവരുടെയും വീഡിയോകൾക്കും പോസ്റ്റുകൾക്കും സോഷ്യൽ മീഡിയയിൽ വൻ പ്രചാരവും ലഭിച്ചിരുന്നു.