ജില്ലയിൽ പൊട്ടിമുളയ്ക്കും 7കൂൺ ഗ്രാമങ്ങൾ

Saturday 18 February 2023 1:00 AM IST

 ജില്ലയിൽ ഒരുങ്ങുന്നത് 700 കൂൺ ബെഡുകൾ

കൊല്ലം: ജില്ലയിലെ വിവിധ ബ്ളോക്കുകൾ കേന്ദ്രീകരിച്ച് ഏഴ് കൂൺ ഗ്രാമങ്ങൾ വരുന്നു. പദ്ധതി നടത്തിപ്പിനായി രാഷ്ടീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം രണ്ട് കോടി രൂപ അനുവദിച്ചു. ചെറുകിട കർഷകർക്കിടയിൽ കൂൺ കൃഷി വർദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. കൊവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകൾക്കും യുവജനങ്ങൾക്കും നിശ്ചിത വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂൺക്യഷി, വിത്തുൽ‌ല്പാദന യൂണിറ്റ്, പാക്കിംഗ്, പ്രോസസിംഗ്, മൂല്യവർദ്ധിത വിപണനകേന്ദ്രം, കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയ ഘടകങ്ങൾ ചേർന്നതാണ് ഓരോയൂണിറ്റും.

ഉല്പാദിപ്പിക്കുന്ന കൂണിന് വിപണന സൗകര്യം ഒരുക്കുന്നതിന് പുറമേ, മൂല്യവർദ്ധിത ഉല്പന്നങ്ങൾ സംരംഭങ്ങളും ഒരുക്കും. കൃഷി വകുപ്പും സംസ്ഥാന ഹോർട്ടി കൾച്ചർ മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുക.

ഒരുകൂൺ ഗ്രാമത്തിലുള്ളത്

1.ചെറുകിടകൂൺ ഉല്പാദക യൂണിറ്റ്. ഒരു യൂണിറ്റിൽ 100 കൂൺ ബെഡുകൾ. യൂണിറ്റിന് 11,250 രൂപ ധനസഹായം.

2.വൻകിട കൂൺ ഉല്പാദക യൂണിറ്റ് 2 എണ്ണം. ഒരു യൂണിറ്റിന് രണ്ടു ലക്ഷം രൂപ ധനസഹായം.

3.കൂൺ വിത്ത് ഉല്പാദക യൂണിറ്റ് 2 എണ്ണം. ഒരു കൂൺ വിത്ത് ഉല്പാദന യൂണിറ്റിന് 2 ലക്ഷം രൂപ ധനസഹായം.

4. കമ്പോസ്റ്റ് യൂണിറ്റ് 10 എണ്ണം. 30 അടി നീളവും 8 അടി വീതിയും 2.5 അടി ഉയരവും ഉളള ഒരു കമ്പോസ്റ്റ് ടാങ്കിന് 50,000 രൂപ ധനസഹായം.

5. പാക്ക് ഹൗസ് 2 എണ്ണം. 9 മീറ്റർ നീളവും 6 മീറ്റർ വീതിയും. ഒരു പാക്കിംഗ് യൂണിറ്റ് നിർമ്മിക്കുന്നതിന് 2 കോടി രൂപ ധനസഹായം

6. പ്രിസർവേഷൻ യൂണിറ്റ് 3 എണ്ണം. യൂണിറ്റ് ഒന്നിന് ഒരു ലക്ഷം രൂപ വീതം ധനസഹായം.

 ജില്ലയിൽ ഒരുങ്ങുന്നത് 700 കൂൺ ബഡുകൾ

 കൂൺ വളർച്ചാകാലം 3 മുതൽ 4 വരെ മാസം

 ഒരു ബഡിൽ നിന്ന് ഒരു വിളവിൽ ലഭിക്കുക 3 കിലോ

 ഒരു വർഷം പ്രതീക്ഷിക്കുന്ന ആകെ ഉല്പാദനം 63,000 കിലോ

 വരുമാനം 1.89 കോടി.

...................................................

താത്പര്യമുളള കർഷകർ കൃഷി ഭവനുകളിൽ അപേക്ഷ നൽകണം.ആവശ്യമായ പരിശീലനം നൽകും.

സുനിൽ എ.ജെ,

ഡപ്യൂട്ടി ഡയറക്ടർ,​

ഹോർട്ടി കൾച്ചർ മിഷൻ, കൊല്ലം

Advertisement
Advertisement