ബഡ്‌ജറ്റ് ടൂറിസത്തിന് കുതിപ്പേകാൻ സീ - അഷ്ടമുടി കായൽ യാത്ര

Saturday 18 February 2023 1:08 AM IST

കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ ബഡ്‌ജറ്റ് ടൂറിസത്തിലൂടെ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് അഷ്ടമുടി കായലിന്റെ സൗന്ദര്യം നുകരാൻ ഇനി ബോട്ട് യാത്രയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് നിലവിൽ മൺറോത്തുരുത്തിലും സാമ്പ്രാണിക്കോടിയിലും മാത്രമാണ് ബോട്ട് യാത്രയ്ക്ക് സൗകര്യമുളളത്. സ്വകാര്യ ബോട്ടുകൾ വാടകയ്ക്കെടുത്തും സീ അഷ്ടമുടി ബോട്ടിൽ യാത്രയൊരുക്കിയും സഞ്ചാരികളെ ആകർഷിക്കാനുളള ശ്രമത്തിലാണ് കൊല്ലത്തെ ടൂറിസംസെൽ. ടെണ്ടർ നടപടികളിലൂടെയാവും സ്വകാര്യ ബോട്ടുകൾ വാടകയ്ക്കെടുക്കുക. 28ന് ഇതിനുള്ള നടപടികൾ ആരംഭിക്കും.

അടുത്തിടെ ആരംഭിച്ച കൊല്ലം ​- കുമരകം, ആലപ്പുഴ ബോട്ടു യാത്ര മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ലോഫ്ളോർ എ.സി ബസിൽ കുമരകത്തെത്തി ബോട്ട് യാത്ര കഴിഞ്ഞ് മടങ്ങുന്നതിന് ഭക്ഷണം ഉൾപ്പെടെ 1450 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. ഈ വിജയമാണ് സീ അഷ്ടമുടി ബോട്ട് യാത്രയുടെ പ്രചോദനം.

200 ട്രിപ്പും കടന്ന് കൊല്ലം

ബഡ്ജറ്റ് ടൂറിസത്തിലൂടെ വൻ വരുമാനമാണ് കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയ്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് 200 ട്രിപ്പുകൾ ഇതിനകം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ മാസത്തിൽ മാത്രം 21 ലക്ഷം രൂപയുടെ വരുമാനം ഇതിലൂടെ ഡിപ്പോയ്ക്ക് ലഭിച്ചു. സംസ്ഥാന റാങ്കിംഗിൽ കൊല്ലത്തിന് ഒന്നാം സ്ഥാനം ലഭിച്ച മാസങ്ങളുമുണ്ടായിരുന്നു.

കൊച്ചി യാത്ര

സൂപ്പർഹിറ്റ് !

റോസ് മല യാത്രയോടെ കഴിഞ്ഞ ജനുവരി 8 നാണ് ബ‌ഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ നേതൃ​ത്വത്തിൽ യാത്രകൾ തുടങ്ങിയത്. അതിൽ കൊച്ചിയിലെ കപ്പൽ യാത്രയാണ് വമ്പൻ ഹിറ്റായത്. കൂടുതൽ വരുമാനം ലഭിച്ചതും ഈ യാത്രയിലൂടെയാണ്. മൂന്നാർ യാത്രയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി. മലക്കപ്പാറ, വയനാട്, പൊൻമുടി യാത്രകളിലും നല്ല ജനപങ്കാളത്തമുണ്ടായി. അടുത്തകാലത്ത് ആരംഭിച്ച ഗവി ട്രിപ്പും വിജയകരമായി തുടരുന്നു. 19നുള്ള ഗവി യാത്രയുടെ സീറ്റുകൾ ഫുളളായി. 23നുളള അടുത്ത ട്രിപ്പിനും പകുതി സീറ്റുകളുടെ ബുക്കിംഗ് പൂർത്തിയായി.

......................................................

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് കൊല്ലം ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്തിൽ യാത്ര ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നു. മികച്ച വരുമാനമാണ് ലഭിക്കുന്നത്. പുതിയ പദ്ധതികൾ ആലോചനയിലാണ്

കെ.ജി.രാജേഷ് കുമാർ,

ബഡ്‌ജറ്റ് ടൂറിസം സെൽ ജില്ലാ കോ- ഓർഡിനേറ്റർ