നെഹ്റു യുവകേന്ദ്ര ജില്ലാ തല കായിക മത്സരങ്ങൾ ഇന്നും നാളെയും

Saturday 18 February 2023 1:27 AM IST

കരുനാഗപ്പള്ളി: നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല കായിക മത്സരങ്ങൾ ഇന്നും നാളെയുമായി പന്മന മനയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ജില്ലാതല സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ഫുട്ബാൾ ,വോളിബാൾ, വടംവലി, അത്ലറ്റിക്സ് തുടങ്ങിയവയിൽ മത്സരം ഉണ്ടായിരിക്കും. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിക്കും.ഗ്രാമ പഞ്ചായത്ത് വൈസ് - പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ മുഖ്യാതിഥി ആയിരിക്കും. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷനാകും. നാളെ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും. നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസർ പി.സന്ദീപ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി .സുധീഷ് കുമാർ മുഖ്യാതിഥിയും ആയിരിക്കും.