കായംകുളം ഏരിയ കമ്മിറ്റി യോഗം, നേതാക്കൾക്ക് താക്കീതുമായി പുത്തലത്ത് ദിനേശൻ

Saturday 18 February 2023 2:08 AM IST

കായംകുളം : ക്വട്ടേഷൻ സംഘങ്ങളെയും ആക്രമണങ്ങളെയും പ്രോത്സാഹിപ്പിച്ചും സഹായിച്ചും പാർട്ടിക്കുള്ള ജനപിന്തുണ നഷ്ടപ്പെടുത്തരുതെന്ന് സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ. കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

ഒരു ജില്ലാകമ്മിറ്റി അംഗത്തിനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനുമെതിരെ അംഗങ്ങൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഇവർക്കെതിരെ യു. പ്രതിഭ എം.എൽ.എയും നിലപാടെടുത്തു. അതോടെയാണ് ദിനേശനും നേതൃത്വത്തിന് നേരേ വിരൽ ചൂണ്ടിയത്. കായംകുളം താലൂക്ക് ആശുപത്രിയിലെ ആക്രമണങ്ങൾ, കരീലക്കുളങ്ങരയിൽ പാർട്ടി അംഗത്തിന്റെ ഹോട്ടൽ അടിച്ച് തകർത്തത്, ഫോണിലൂടെയുള്ള വിവാദ അശ്ളീല സംഭാഷണം തുടങ്ങിയ പരാതികൾ ദിനേശൻ ചൂണ്ടിക്കാട്ടി. ആരോപണങ്ങളിൽ പെട്ടവരെ പാർട്ടി സഹായിക്കുന്നത് മാനക്കേടാണെന്നും വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയും ജില്ലാ, ഏരിയ കമ്മിറ്റികളുടെ സംഘടന രേഖകളും ചർച്ച ചെയ്യാനായിരുന്നു യോഗം. ജില്ലാ സെക്രട്ടറി ആർ.നാസർ അടക്കമുള്ള നാല് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ ഉയർന്ന ആരോപണങ്ങൾ നവമാധ്യമങ്ങളിലൂടെ വിവിധ ഗ്രൂപ്പുകളിൽ ചർച്ചയാകുകയും ഏരിയ കമ്മിറ്റി ഇടപെട്ട് സർക്കുലർ നൽകി നേരത്തെ വിലക്കുകയും ചെയ്തിരുന്നു.

എന്നാൽ, യോഗത്തിൽ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളോ അധിക്ഷേപങ്ങളോ ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ പാർട്ടിയെ അപമാനിക്കാനാണെന്നും ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ അറിയിച്ചു. ഐക്യത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് കായംകുളത്തേത്. ക്വട്ടേഷൻ - മാഫിയ സംഘങ്ങളുമായി യാതൊരു ബന്ധവും പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.