അദാനി കേസ്: കേന്ദ്രത്തിന്റെ കവർ തള്ളി, സുപ്രീം കോടതി നേരിട്ട് സമിതിയെ വയ്ക്കും

Saturday 18 February 2023 2:59 AM IST

ന്യൂ ഡൽഹി : ഹിൻഡൻബ‌ർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച അന്വേഷിക്കാനും, നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാൻ പരിഹാര നിർദേശങ്ങൾക്കുമായി നേരിട്ട് വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. വിദഗ്ദ്ധ സമിതി അംഗങ്ങളാക്കാൻ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കൈമാറിയ പേരുകൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തയാറായില്ല. സിറ്റിംഗ് സുപ്രീംകോടതി ജഡ്‌ജി അദ്ധ്യക്ഷനായല്ല,​ റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി അദ്ധ്യക്ഷനായ വിദഗ്ധ സമിതിയാകും രൂപീകരിക്കുകയെന്ന് വ്യക്തമാക്കി.

കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച പേരുകൾ സ്വീകരിച്ചാൽ സർക്കാർ സമിതിയായി കണക്കാക്കപ്പെടും. വിദഗ്ദ്ധരെ കോടതി തന്നെ തിരഞ്ഞെടുക്കുമെന്നും,​ സമിതിയുടെ സുതാര്യത നിലനിർത്തുമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പറഞ്ഞു. സമിതിയിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടാകാനാണ് സുപ്രീംകോടതിയുടെ ഈ നിലപാട്.

സെബി ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് മനസിലാക്കുന്നതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ഒന്നും ഒളിക്കാനില്ലെന്നും,​ സെബി തുടങ്ങിയ ഏജൻസികൾ അവരുടെ ഉത്തരവാദിത്തം നിർവഹിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത അറിയിച്ചു. ഏജൻസികൾ പരാജയപ്പെട്ടുവെന്ന മുൻധാരണയോടെ മുന്നോട്ട് പോകില്ലെന്ന് കോടതി പ്രതികരിച്ചു.

ഹിൻഡൻബ‌ർഗ് റിപ്പോർട്ട് വിപണിയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോൾ,​ നിക്ഷേപകർക്ക് ലക്ഷം കോടികളുടെ നഷ്‌ടമുണ്ടായെന്ന കണക്കുകളാണ് പുറത്തുവരുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നാല് പൊതുതാൽപര്യഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹർജികൾ വിധി പറയാൻ മാറ്റി.