പൂരത്തിന് ഇന്ന് കൊടിയേറും

Sunday 19 February 2023 12:25 AM IST

മണ്ണാർക്കാട്: തച്ചമ്പാറ കുന്നത്തുകാവ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് തുടക്കമാകും. മാർച്ച് മൂന്നിനാണ് പൂരം. തന്ത്രി പനാവൂർ ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ പത്തിന് കൊടിയേറ്റം നടക്കും. വൈകിട്ട് ആറിന് നഗര പ്രദക്ഷിണത്തോടെ എഴുന്നള്ളിപ്പ്,​ രാത്രി 8.30ന് ഡബിൾ തായമ്പക എന്നിവയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ചുറ്റുവിളക്കും വിവിധ കലാപരിപാടികളും നടക്കും.

നാളെ വൈകിട്ട് ഏഴിന് ഫ്യൂഷൻ, 21ന് ഗാനമേള, 22ന് നൃത്തസന്ധ്യ, 23ന് ഭജന, 24,​ 25, 26 തിയതികളിൽ നൃത്തനൃത്യങ്ങൾ, 27ന് മ്യൂസിക് ഷോ, 28ന് ലക്ഷാർച്ചന, മാർച്ച് ഒന്നിന് ഭജനാമൃതം, രണ്ടിന് ആനച്ചമയ പ്രദർശനം എന്നിവ നടക്കും. മൂന്നിന് വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് 6.30ന് ദേശവേലകളുടെ ക്ഷേത്രപ്രദക്ഷിണം നടക്കും. 25 ദേശവേലകളിലായി ഏഴ് ഗജവീരന്മാർ അണിനിരക്കും. അറുപതോളം വാദ്യകലാകാരന്മാരുടെ പാണ്ടിമേളമുണ്ടാകും. രാത്രി ഒമ്പതിന് ഡബിൾ തായമ്പകയും നൃത്ത സംഗീതനാടകവും നടക്കും. നാലിന് ഗുരുതി സമർപ്പണവും കൊടിയിറക്കവും. ഇന്ന് രാത്രി എട്ടിന് ക്ഷേത്രപരിസരത്ത് മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനവും മതസൗഹാർദ സദസും അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ എം.രാജഗോപാലൻ, കൃഷ്ണദാസ് കാവിൽകുന്ന്, കൃഷ്ണദാസ് മുണ്ടക്കോട്ടിൽ, ബാബു വലിയാട്ടിൽ, വിജയൻ കുറ്റിപ്പുറത്ത്, പി.എസ്.ശശികുമാർ പങ്കെടുത്തു.