കുസാറ്റിന് സി​ന്തറ്റി​ക് ബയോളജി​ ഗവേഷണ കേന്ദ്രം

Sunday 19 February 2023 12:35 AM IST

കൊച്ചി: സർവകലാശാലാ തലത്തിലെ രാജ്യത്തെ ആദ്യ സി​ന്തറ്റി​ക് ബയോളജി ഗവേഷണ കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഒരുങ്ങുന്നു. സിന്തൈറ്റ് ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് ഈ സംരംഭം. മൂന്നുവർഷത്തി​നുള്ളി​ൽ 20 കോടി സിന്തൈറ്റ് മുതൽമുടക്കും. കുസാറ്റി​ന്റെ കളമശേരി​, എറണാകുളം ലേക്‌സൈഡ് കാമ്പസുകളി​ലായി​ ഉടനെ പ്രവർത്തനം തുടങ്ങും. കളമശേരി​ കാമ്പസി​ൽ കേന്ദ്രത്തി​നായി​ പുതി​യ മന്ദി​രവും നി​ർമ്മി​ക്കും. ഐ.ഐ.ടി​ പോലുള്ള കേന്ദ്ര സർവകലാശാലകൾക്ക് പുറമേ രാജ്യത്തെ ഒരു സർവകലാശാല ഇത്തരമൊരു കേന്ദ്രം ഇതാദ്യമായാണ് തുടങ്ങുന്നത്. ഗവേഷണത്തി​ന് ആവശ്യമായ സംവി​ധാനങ്ങളും ഉപകരണങ്ങളും നി​ലവി​ൽ സർവകലാശാലയി​ലുണ്ട്. ഇവ സംയോജി​പ്പി​ച്ചാകും ഇനി​ പ്രവർത്തനം. ധാരണാപത്രം ഒപ്പുവയ്ക്കുന്നത് 21ന് 11ന് കുസാറ്റ് സെമി​നാർ കോംപ്ളക്സി​ൽ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയന്റെ സാന്നി​ദ്ധ്യത്തി​ലാണ്. ഏലി​യാമ്മ ജേക്കബും കുസാറ്റ് രജി​സ്ട്രാർ ഡോ.വി​.മീരയും ധാരണാപത്രങ്ങൾ കൈമാറും. വി​.സി​. ഡോ.കെ.എൻ.മധുസൂദനൻ, വ്യവസായ മന്ത്രി​ പി​.രാജീവ്, പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ, സി​ന്തൈറ്റ് എം.ഡി​. ഡോ.വി​ജു ജേക്കബ്, ജെ.എം.ഡി​ അജു ജേക്കബ് തുടങ്ങി​യവർ പങ്കെടുക്കും. മുന്നോടി​യായി​ സി​ന്തറ്റിക് ബയോളജി​, ബയോ മാനുഫാക്ചറിംഗ് ദ്വി​ദി​ന സെമി​നാറും സംഘടി​പ്പി​ച്ചി​ട്ടുണ്ട്.

• ലക്ഷ്യം

വ്യവസായി​കൾക്ക് ഉപകാരപ്പെടുന്ന പുതി​യ ഉത്പന്നങ്ങളും സാങ്കേതി​ക വിദ്യകളും വി​കസി​പ്പി​ക്കുക. ഉത്പന്നങ്ങളുടെ നവീകരണത്തി​ന് സഹായി​ക്കുക. വ്യവസായം നേരി​ടുന്ന പ്രശ്നങ്ങളി​ൽ പഠനം നടത്തുക.

• ബയോടെക്നോളജി​ ഹബാകും

കുസാറ്റി​നെ ബയോടെക്നോളജി​ ഹബാക്കാൻ കഴി​യുന്നതാണ് പുതി​യ കേന്ദ്രമെന്ന് വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു. അനന്തമായ സാദ്ധ്യതയാണ് സി​ന്തറ്റി​ക് ബയോളജി​, ബയോ മാനുഫാക്ചറിംഗ് രംഗത്ത് വരാൻ പോകുന്നത്. കുസാറ്റ് വി​ദ്യാർത്ഥി​കൾക്ക് നൂതനമായ ഗവേഷണങ്ങളും നേട്ടങ്ങളും ഇതുവഴി​ കൈവരി​ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായരംഗത്തുള്ളവർക്ക് ബയോടെക് കേന്ദ്രം നെതർലാൻഡി​ൽ സമാനമായ കേന്ദ്രങ്ങൾ അവി​ടുത്തെ വ്യവസായി​കൾക്ക് നൽകുന്ന സഹായങ്ങളാണ് പ്രചോദനമെന്ന് സി​ന്തൈറ്റ് എം.ഡി​.ഡോ.വി​ജു ജേക്കബ് പറഞ്ഞു. ഡോ.സാംതോമസ്, ഡോ.ജയേഷ് പുതുമന, വി​ശാൽ വർമ്മ എന്നി​വരും വാർത്താസമ്മേളനത്തി​ൽ പങ്കെടുത്തു.

സി.എസ്.ബി സെന്റർ

ലോകപ്രശസ്തരായ സുഗന്ധ ഉത്പന്ന നിർമ്മാതാക്കളാണ് കോലഞ്ചേരിയിലെ സിന്തൈറ്റ്. സ്ഥാപകനായ സി.വി.ജേക്കബിന്റെ സ്മരണാർത്ഥം സി.വി.ജേക്കബ് സെന്റർ ഫോർ സിന്തറ്റിക് ബയോളജി ആൻഡ് ബയോ മാനുഫാക്ചറിംഗ് എന്ന പേരി​ലാണ് കേന്ദ്രം അറി​യപ്പെടുക. ഗവേഷണത്തി​നും ഇന്നൊവേഷനുമാണ് പ്രാമുഖ്യം.

ആരോഗ്യം, കൃഷി​, ഭക്ഷണം, വ്യവസായം, പരി​സ്ഥി​തി​ മേഖലകളി​ൽ സി​ന്തറ്റി​ക് ബയോളജി​, ബയോമാനുഫാക്ചറിംഗ് മേഖലയ്ക്ക് വലി​യ സാദ്ധ്യതകളാണ് തെളി​യുന്നത്. ഇന്ത്യയി​ൽ ഈ രംഗം പ്രാരംഭ ഘട്ടത്തി​ലാണ്. ഏതാനും വർഷങ്ങൾക്കുള്ളി​ൽ 300 കോടി​യോളം രൂപയുടെ ഗ്രാൻഡ് സർക്കാർ, സ്വകാര്യമേഖലയി​ൽ നി​ന്ന് കുസാറ്റ് പ്രതീക്ഷി​ക്കുന്നുണ്ട്.