കാലാവസ്ഥാ മാറ്റം: പനിച്ചുവിറച്ച് ജില്ല

Sunday 19 February 2023 12:35 AM IST

കൊച്ചി: ജില്ലയിൽ പനി പടരുന്നു. വൈറൽ പനിയും ഡെങ്കിപ്പനിയും ഇൻഫ്‌ളുവൻസ എയും ടൈഫോയിഡുമാണ് അധികം പേരിലും കാണുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ദിവസവും നൂറുകണക്കിനു പേരാണ് ചികിത്സ തേടി സർക്കാർ- സ്വകാര്യ ആശുപത്രികളിൽ എത്തുന്നത്.

പുലർച്ചെ നല്ല തണുപ്പും പകൽ നല്ല വെയിലും രാത്രിയിൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥ ജനങ്ങളെ ബാധിക്കുന്നുണ്ട്. കൊച്ചിയിലെ അന്തരീക്ഷ മലിനീകരണം വർദ്ധിച്ചതും പനി-അലർജി ബാധിതരുടെ എണ്ണം കൂടാനിടയായി. ദിവസവും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനാൽ കൊതുക് നശീകരണം ഉൾപ്പെടെ കാര്യക്ഷമമായി നടപ്പാക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ ആവശ്യപ്പെടുന്നു.

പനികളും പ്രധാന ലക്ഷണങ്ങളും

ഡെങ്കിപ്പനി
കണ്ണിന് ചുവപ്പ്, വേദന, ശരീര വേദന, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയൽ.

ഇൻഫ്‌ളുവൻസ എ
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന

ടൈഫോയ്ഡ്
വയറിളക്കം, ഛർദ്ദി, വയറു വേദന

മഞ്ഞപ്പിത്തം
വയറു വേദന, ഛർദി, കണ്ണിന് മഞ്ഞ നിറം

വൈറൽ പനി

പനിക്ക് പുറമേ മേൽപ്പറഞ്ഞ മിക്ക ലക്ഷണങ്ങളും

ശ്രദ്ധിക്കാം

തണുത്ത ആഹാരവും വെള്ളവും ഒഴിവാക്കണം

കൂടുതൽ വെള്ളം കുടിക്കണം

കുളിക്കുന്നത് ചെറു ചൂടുവെള്ളത്തിലാക്കുക

ആവി പിടിക്കുന്നത് നല്ലത്

വ്യക്തി ശുചിത്വം പ്രധാനം

കാലിൽ നീരുവീഴ്ച ഉണ്ടെങ്കിൽ തലയണ വച്ച് ഉയർത്തി വയ്ക്കാം

ആസ്മ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം

 മാസ്‌ക് ഉപേക്ഷിക്കരുത്

പനിബബാധിതരുടെ എണ്ണം നിരന്തരം വർദ്ധിക്കുന്നുണ്ട്. ജീവിതചര്യകളിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നത് നല്ലതാണ് ഭക്ഷണക്രമവും ശ്രദ്ധിക്കണം
ഡോ. സണ്ണി ബി. ഒരത്തേൽ
മെഡിക്കൽ സൂപ്രണ്ട് ആൻഡ് സീനിയർ കൺട്ടന്റ്
രാജഗിരി ഹോസ്പിറ്റൽ, ആലുവ

Advertisement
Advertisement