ഉത്സവ ലഹരിയിൽ പരിയാനമ്പറ്റ പൂരം ഇന്ന്; വർണ്ണാഭം വലിയാറാട്ട്

Sunday 19 February 2023 12:37 AM IST
പരിയാനമ്പറ്റ പൂരത്തിന്റെ ഭാഗമായി ഇന്നലെ വലിയാറാട്ട് ദിനത്തിൽ നടന്ന കാഴ്ചശീവേലി.

ശ്രീകൃഷ്ണപുരം: വള്ളുവനാടൻ പൂരക്കാഴ്ചയുടെ ചന്തവും ചാരുതയും തികഞ്ഞ നിറ ഭംഗിയോടെ അരങ്ങേറുന്ന കാട്ടുകുളം പരിയാനമ്പറ്റ പൂരം ഇന്ന്. തട്ടകത്തിലെ 14 ദേശങ്ങളിലും ഉത്സവ ലഹരി നിറക്കുന്ന പൂരത്തിന്റെ ഭാഗമായി ഇന്നലെ വലിയാറാട്ട് ആഘോഷിച്ചു. ഇന്ന് വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ ആറിന്‌ സോപാന സംഗീതം, ഒമ്പതിന് കാഴ്ചശീവേലി, വൈകിട്ട് അഞ്ചിന്‌ വേലയിറക്കം, തേര്, കുതിര, കാളവേല, തിറ, പൂതൻ വരവ് എന്നിവ നടക്കും. 6.30ന് വടക്ക്, കിഴക്ക്, പടിഞ്ഞാറൻ ദേശപൂരങ്ങൾ പ്രശസ്ത ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കണ്ണിനും കാതിനും ഇമ്പം തീർത്ത്‌ ക്ഷേത്രാങ്കണത്തിൽ അണിനിരക്കുന്നതോടെ പകൽപ്പൂരം സമാപിക്കും. രാത്രി ഒമ്പതിന് പൂരം എഴുന്നള്ളിപ്പ്, 9.30ന് തായമ്പക, പത്തിന് നൃത്തനാടകം എന്നിവയുണ്ടാകും.

നാളെ രാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കം, അരിയേറ് എന്നിവ നടക്കും. വലിയാറാട്ടിന്റെ ഭാഗമായി ഇന്നലെ രാവിലെ കാഴ്ചശീവേലി, ഓട്ടൻതുള്ളൽ, കുതിര, കാള, തേര്‌,​ വേല വരവ്, വലിയാറാട്ട്‌ വേല, ആറാട്ട് എഴുന്നള്ളിപ്പ്, തായമ്പക, ഇണക്കാള വരവ് എന്നിവ നടന്നു.