പത്തടി ഉയരവും 800 കിലോ ഭാരവും,​ ഒരിക്കലും മദം പൊട്ടില്ല,​ തൃശൂരിലെ അമ്പലത്തിൽ നടയ്ക്കിരുത്തുന്നത് ഇരിഞ്ഞാടപ്പിള്ളി രാമൻ എന്ന ലക്ഷണമൊത്ത റോബോട്ടിക്ക് ആന

Saturday 18 February 2023 8:11 PM IST

തൃശൂർ: പത്തടി ഉയരവും 800 കിലോ ഭാരവും. നാലുപേരെ പുറത്തേറ്റാൻ കഴിയും. ഒരിക്കലും മദം പൊട്ടുമെന്ന് പേടിയും വേണ്ട. ഉത്സവങ്ങളിൽ ധൈര്യമായി എഴുന്നെള്ളിക്കാം. ഇരിഞ്ഞാടപ്പിള്ളി എന്ന ലക്ഷണമൊത്ത ഗജവീരന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊരു റോബോട്ടിക്ക് ആന എന്നതാണ്. ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് റോബോട്ടിക് ആനയെ നടയ്ക്കിരുത്താൻ ഒരുങ്ങുന്നത്.

ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് അഞ്ചുലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ മാസം 26 നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. ഇരുമ്പു കൊണ്ടുള്ള ചട്ടക്കൂടിന് പുറത്ത് റബർ ഉപയോഗിച്ചാണ് ആനയുടെ നിർമ്മാണം. ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വൈദ്യുതിയുടെ സഹായാത്താലാണ് പ്രവർത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ രണ്ടുമാസം എടുത്തു.

ദുബായ് ഫെസ്റ്റിവലിൽ റോബോട്ടിക് ഗജവീരൻമാരെ ഒറുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡിലുള്ള ഫോർ ഹി ആർട്സിലെ പ്രശാന്ത്,​ ജിനേഷ്,​ റോബിൻ,​ സാന്റോ എന്നിവരാണ് ഗജവീരന്റെ ശില്പികൾ,​. അഞ് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. തുമ്പിക്കൈ പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽ നിന്ന് വെള്ളം ചീറ്റുകയും ചെയ്യും,​

ക്ഷേത്രങ്ങളിൽ ആദ്യമായാണ് ഇത്തരം ആനയെ നടയിരുത്തുന്നത്. കളഭാഭിഷേകത്തിന് ശേഷം നടക്കുന്ന എഴുന്നള്ളത്തിൽ ഇരിഞ്ഞാടപ്പിള്ളി രാമൻ തിടമ്പേറ്റും.