പൊതുമേഖലാ ഓഹരിവില്പന: കേന്ദ്രം നേടിയത് ₹31,​000 കോടി

Sunday 19 February 2023 2:50 AM IST

കൊച്ചി: പൊതുമേഖലാ ഓഹരിവില്പനയിലൂടെ നടപ്പ് സാമ്പത്തികവർഷം ഇതിനകം കേന്ദ്രസർക്കാർ സമാഹരിച്ചത് 31,106 കോടി രൂപ. 20,​516 കോടി രൂപയും ലഭിച്ചത് എൽ.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ)​ വഴിയാണ്. 3,​058 കോടി രൂപ ഒ.എൻ.ജി.സിയുടെ ഓഫർ ഫോർ സെയിൽ വഴി നേടി. സ്വകാര്യബാങ്കായ ആക്‌സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് 3,​839 കോടി രൂപയും ഐ.ആർ.സി.ടി.സിയുടെ ഓഫർ ഫോർ സെയിലിലൂടെ 2,​723 കോടി രൂപയും ലഭിച്ചു.

നടപ്പ് സാമ്പത്തികവർഷം 65,​000 കോടി രൂപ പൊതുമേഖലാ ഓഹരിവില്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ആദ്യം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. പിന്നീടിത് 50,​000 കോടി രൂപയായി കുറച്ചു. കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ വ്യവസായക്കമ്പനിയായ ഐ.ടി.സി ലിമിറ്റഡിൽ കേന്ദ്രസർക്കാരിന് 7.86 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

ഇത് നടപ്പുവർഷം തന്നെ വിറ്റൊഴിയാൻ കേന്ദ്രം ശ്രമിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. മാർച്ചിനകം ഐ.ടി.സി ഓഹരികൾ വിറ്റൊഴിയാൻ സർക്കാരിന് സാധിച്ചാൽ നടപ്പുവർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യം കാണാൻ കഴിയും. എന്നാൽ,​ ഐ.ടി.സി ഓഹരിവില്പന നീക്കം ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം)​ നിഷേധിച്ചിട്ടുണ്ട്.

എം.ടി.എൻ.എല്ലിനെ

ഡിലിസ്‌റ്റ് ചെയ്യും

പൊതുമേഖലാ ടെലികോം കമ്പനിയായ എം.ടി.എൻ.എല്ലിനെ ഓഹരിവിപണിയിൽ നിന്ന് ഡിലിസ്‌റ്റ് ചെയ്യാൻ കേന്ദ്രം ഒരുങ്ങുന്നു. ബി.എസ്.എൻ.എല്ലിൽ കമ്പനിയെ ലയിപ്പിക്കുന്നതിന് മുന്നോടിയായാണിത്. ബി.എസ്.എൻ.എൽ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടില്ല. ലയനം അടുത്തവർഷം പൂർണമാകുമെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement