സർക്കാർ ജീവനക്കാർ യു ട്യൂബിൽ കളിക്കണ്ട

Sunday 19 February 2023 1:09 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ യു ട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും സർക്കാർ വിലക്കി . യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്റെ പൊതു ഉത്തരവ്. സബ്സ്ക്രൈബർമാരുടെ അടിസ്ഥാനത്തിൽ സാമ്പത്തികനേട്ടമുണ്ടാക്കുന്ന പ്രവൃത്തിയായതിനാൽ ചട്ടവിരുദ്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ചാനലുകൾ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കും.

സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ട പ്രകാരം, ശമ്പളത്തിനു പുറമേ മറ്റ് വരുമാനങ്ങൾ സ്വീകരിക്കരുത്. ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവൃത്തിയായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും അതിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കാവുന്ന പ്രവൃത്തിയാണ്.