എതിർത്ത് ബസുടമകളും അനുകൂലിച്ച് ജീവനക്കാരും വരുമോ, ബസിൽ കാമറ

Sunday 19 February 2023 12:05 AM IST

കോഴിക്കോട്: സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും കാമറ സ്ഥാപിക്കണമെന്ന നിർദേശത്തിൽ വലഞ്ഞ് ബസ് ഉടമകൾ.കാമറ സ്ഥാപിക്കൽ ഈ മാസം 28നുള്ളിൽ വേണമെന്ന് വാശിപിടിച്ചാൽ സർവീസ് നിറുത്തിവെയ്ക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുകയാണ് ഉടമകൾ. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബസ് ഉടമകൾ ഗുണനിലവാരമുള്ള കാമറകൾ വെയ്ക്കാൻ സമയം വേണമെന്നാണ് ആവശ്യപ്പെടുന്നത്.

അടുത്തിടെയാണ് ഓരോ ബസിനും 30,000 രൂപ നികുതി ഉൾപ്പെടെ അടച്ചത്. ഇനി പത്ത് ദിവസത്തിനുള്ളിൽ കാമറ സ്ഥാപിക്കണമെന്നത് ബുദ്ധിമുട്ടാണ്. പിന്നിലും മുന്നിലും കാമറ സ്ഥാപിക്കാൻ ഏകദേശം 25,000 രൂപ വേണ്ടിവരും. ഇത്രയും പണം കൈയിൽ നിന്നെടുക്കാൻ സാധിക്കില്ലെന്ന് ഇവർ പറയുന്നത്. സർക്കാർ പണം തരുമെന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ഇത് പ്രവർത്തികമാകുമെന്നാണ് ഇവർ ചോദിക്കുന്നത്.

5,000 രൂപ മാത്രമാണ് സർക്കാർ അനുവദിക്കാമെന്ന് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും സർക്കാർ തരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം ബസുകളിൽ കാമറ സ്ഥാപിക്കണമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ബസ് തൊഴിലാളികൾ. ബസിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങൾ എളുപ്പം കണ്ട് പിടിക്കാമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം കൂടുമെന്നുമാണ് ഇവർ പറയുന്നത്.

നിലവിൽ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഇന്ധന വില വർദ്ധനയും ടയർ, സ്‌പെയർ പാർട്സ്, ഓയിൽ മുതലായവയുടെയും വർദ്ധനവ് ഉടമകൾക്ക് തിരിച്ചടിയായി. കൊവിഡ് മൂലമുണ്ടായ ലോക്ഡൗണിന് ശേഷം യാത്രക്കാർ സ്വന്തം വാഹനം വാങ്ങിയതോടെ ബസുകളിൽ യാത്രക്കാർ കുറഞ്ഞതും പ്രതിസന്ധി വർദ്ധിപ്പിച്ചിരിക്കുകയാണ്.

ബസുകളുടെ അകവും പുറവും കാണാനാകുംവിധം രണ്ട് കാമറകൾ ഈ മാസം 28നകം തന്നെ ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. സ്വകാര്യബസുകളുടെ നിയമലംഘനവും അപകടങ്ങളും വർദ്ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 7,686 ബസുകളിലും കാമറ ഘടിപ്പിക്കുന്നതിന്റെ പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റിയാണ് വഹിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾക്കു മുഴുവൻ തുകയും നൽകും.

സ്വാഗതം ചെയ്ത് തൊഴിലാളികൾ

ബസിൽ കാമറ വെയ്ക്കുന്ന സർക്കാർ തീരുമാനത്തോട് യോജിക്കുന്നു. നിയമ ലംഘനങ്ങൾ തടയാനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഡ്രൈവർക്ക് നേരെയും കണ്ടക്ടർക്ക് നേരെയും ആരോപണങ്ങൾ ഉന്നയിച്ച് വരില്ലല്ലോ.''

വിജയൻ നന്മണ്ട,

പ്രസിഡന്റ്,

ബസ് തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി

''ഞങ്ങൾക്ക് കാമറകൾ വെയ്ക്കാൻ സമയം ആവശ്യമാണ്. സർക്കാർ പണം തരുമെന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ഇത് പ്രവാർത്തികമാകും. കാമറ വെയ്ക്കാനുള്ള മുഴുവൻ പണവും സർക്കാർ തരണം. ഈ ആവശ്യമുന്നയിച്ച് 28 ന് കളക്ടറേറ്റ് ധർണ സംഘടിപ്പിക്കുന്നുണ്ട്. ''

കെ.വി ലത്തീഫ്,

ബസ് ഓണേഴ്സ് അസോ ബാലുശ്ശേരി ഏരിയ പ്രസിഡന്റ്

''മുഖ്യമന്ത്രി ഞങ്ങളെപ്പോലെയുള്ള സംഘടനകളെ ചർച്ചയ്ക്ക് വിളിക്കാതെ എങ്ങനെയൊണ് തീരുമാനങ്ങൾ എടുക്കുന്നത്. ബസുകളിൽ കാമറ വെയ്ക്കുന്നത് നല്ലതാണ്. പക്ഷേ അത് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പിലാക്കാനാവില്ല. മാത്രമല്ല അതിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കുകയും വേണം. മാത്രമല്ല വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം 5 രൂപയാക്കുകയും വേണം, ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി 28 ന് സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റുകളിലേക്കും ധർണ സംഘടിപ്പിക്കുന്നുണ്ട്. 8 നുശേഷം കർശന പരിശോധന തുടർന്നാൽ മാർച്ച് 1 മുതൽ ബസുകൾ നിർത്തിയിടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും''

തുളസീദാസ് ,

ബസ് ഓപ്പറേറ്റേഴ്സ് അസോ.സെക്രട്ടറി

കോഴിക്കോട് ജില്ല

Advertisement
Advertisement