പമ്പാനദിയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ട് മരിച്ചു, അയൽവാസിക്കായി തെരച്ചിൽ
കോഴഞ്ചേരി : പമ്പാനദിയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു. ചെട്ടികുളങ്ങര കണ്ണമംഗലം മെറിൻ വില്ലയിൽ സഹോദരങ്ങളായ ബിഫിൻ (15), മെറിൻ (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇവരുടെ അയൽവാസിയായ തൊണ്ടിപ്പുറത്ത് എബിന് (24) വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം. മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത ശേഷം കുളിക്കാനിറങ്ങവെയാണ് അപകടം ഉണ്ടായത്. എട്ടംഗ സംഘമാണ് ഒരുമിച്ച് കൺവെൻഷന് എത്തിയത്. കൺവെൻഷനിലെ യോഗത്തിൽ പങ്കെടുത്ത ശേഷം ഇവർ മാരാമണ്ണിനും ആറന്മുളയ്ക്കും മധ്യേ പരാപ്പുഴ കടവിലാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേർ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെയാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.