തട്ടിക്കൊണ്ട് പോയി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

Sunday 19 February 2023 12:00 AM IST

തൃക്കാക്കര: ആലപ്പുഴ സ്വദേശിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. പത്തനംതിട്ട, അടൂർ സ്വദേശി പാലക്കോട്ട് വീട്ടിൽ അശ്വൻപിള്ള (23) ആണ് പിടിയിലായത്. കാക്കനാട് ഇൻഫോപാർക്ക് ഭാഗത്ത് വച്ച് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ സഞ്ചരിച്ചിരുന്ന കാറിന് വട്ടം വച്ച് തടഞ്ഞ് നിറുത്തി പ്രതികൾ ഭാര്യയെ കാറിൽ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കി വിട്ടു. ശേഷം യുവാവിനെ എറണാകുളം,​ പത്തനംതിട്ട എന്നീ ഭാഗങ്ങളിൽ കൂടി സഞ്ചരിക്കുന്ന സമയത്തും പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചും മർദ്ദിക്കുകയായിരുന്നു. പിന്നീട് സഹോദരനെയും പിതാവിനെയും വിളിച്ച് അഞ്ചുലക്ഷം രൂപ പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.