വാഹനാപകട മരണം: ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കി

Sunday 19 February 2023 12:08 AM IST

തൃപ്പൂണിത്തുറ: അലക്ഷ്യമായി റോഡിൽ യുടേൺ എടുത്തതിനെ തുടർന്ന് യുവതി വാഹനമിടിച്ച് മരിച്ച കേസിൽ അപകട കാരണമായ ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം കൊല്ലംപറമ്പിൽ വീട്ടിൽ കെ.എൻ. വിഷ്ണുവിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് തൃപ്പൂണിത്തുറ അഡീഷണൽ ലൈസൻസിംഗ് അതോറിട്ടി റദ്ദ് ചെയ്തത്.

കഴിഞ്ഞ നവംബർ 17ന് രാവിലെ തൃപ്പൂണിത്തുറ എസ്.എസ് ജംഗ്ഷൻ വടക്കേക്കോട്ട റോഡിൽ അലയൻസ് ജംഗ്ഷനിലെ യൂടേണിൽ യുവാവ് അലക്ഷ്യമായി വാഹനം തിരിച്ചതിനെ തുടർന്ന് ഉദയംപേരൂർ സ്വദേശിനി കാവ്യ ധനേഷ് ഓടിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് ബസിനിടയിൽപ്പെട്ട് മരിക്കുകയായിരുന്നു. ഈ കേസിൽ മോട്ടോർ വാഹനചട്ടം 19 (1) സി പ്രകാരമാണ് വിഷ്ണുവിന്റെ ലൈസൻസ് റദ്ദ് ചെയ്തത്. സംസ്ഥാനത്തു തന്നെ അപൂർവമാണ് ഇത്തരത്തിലുള്ള ലൈസൻസ് റദ്ദാക്കൽ നടപടി. വിഷ്ണു ഓടിച്ച ബൈക്ക് ഇടിച്ച് 2020 ൽ ഉദയംപേരൂരിലും ഒരാൾ മരണപ്പെടുകയും തുടർന്ന് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നതുമാണ്. ലൈസൻസ് റദ്ദാക്കാൻ അതും കാരണമായി.