411 ഫയർമാൻമാരുടെ ഒഴിവ്, റാങ്ക്‌ലിസ്റ്റ് വൈകുന്നു

Sunday 19 February 2023 12:00 AM IST

തിരുവനന്തപുരം: ഫയർമാൻമാരുടെ 411 ഒഴിവുകളിൽ പി.എസ്.സി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന നടപടികൾ തുടങ്ങാത്തത് ഫയർ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. സംസ്ഥാനത്തുള്ള 129 ഫയർ സ്റ്റേഷനുകളിൽ പകുതിയിലും മതിയായ അംഗബലമില്ല. 2019 ഒക്ടോബർ 15ന് ഫയർമാൻ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച് 2022 മാർച്ച് 13ന് ഒ.എം.ആർ പരീക്ഷ നടത്തി. ആഗസ്റ്റ് 12ന് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.

ശാരീരിക, കായികക്ഷമതാ പരിശോധനകൾ പൂർത്തിയായെങ്കിലും നീന്തൽ പരീക്ഷ നടക്കുന്നതേയുള്ളൂ. ഇത് പൂർത്തിയായി റാങ്ക്ലിസ്റ്ര് പ്രസിദ്ധീകരിക്കാൻ കാലതാമസമെടുക്കുമെന്നാണ് സൂചന. ഒരേസമയം ഒന്നിലേറെ തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ മറ്റു ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർമാൻമാരെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

ജലാശയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ട ഫൈബർബോട്ട്, ഡിങ്കി എന്നിവ പ്രവർത്തിപ്പിക്കുന്നതിനും മതിയായ ജീവനക്കാരില്ല. ഓരോ സ്റ്റേഷനിലും ഓരോ മാസവും 25 ലധികം അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആവശ്യത്തിന് വാഹനങ്ങൾ ഉണ്ടെങ്കിലും ഓടിക്കാൻ ഡ്രൈവർമാരുടെ കുറവുമുണ്ട്. ഡ്രൈവർ തസ്‌തികയിൽ മാത്രം 60ലധികം ഒഴിവുകളുണ്ട്.

Advertisement
Advertisement