ട്രാൻസ്‌ജെൻഡർമാർക്ക് കൂടൊരുക്കാൻ കുടുംബശ്രീ

Sunday 19 February 2023 12:00 AM IST

കൊച്ചി: താമസസ്ഥലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ട്രാൻസ്ജെൻഡർമാർക്ക് പാർപ്പിടസൗകര്യമൊരുക്കാൻ കുടുംബശ്രീ രംഗത്ത്. സംസ്ഥാന ട്രാൻസ്‌ജെൻഡർ ഫോറം വഴിയാണ് പദ്ധതി നടപ്പാക്കുക.

വാടകവീട് ലഭിക്കാത്തതിനാൽ പലരും ലോഡ്ജുകളിലാണ് കഴിയുന്നത്. താമസിക്കാനും ഒത്തുകൂടാനും ഒരിടം എന്ന ആവശ്യമുയർന്നതോടെയാണ് ദേശീയ നഗര ഉപജീവന ദൗത്യവുമായി (എൻ.യു.എൽ.എം) ചേർന്ന് ഷെൽട്ടർഹോം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർമാർ തങ്ങുന്ന നഗരമെന്ന നിലയിൽ കൊച്ചിയിലാണ് ആദ്യകേന്ദ്രം ആരംഭിക്കുക. സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടം നിർമ്മിക്കാമെന്ന് എൻ.യു.എൽ.എം അറിയിച്ചിട്ടുണ്ട്.

* വേണം ഒരിടം

25 ട്രാൻസ്‌ജെൻഡർമാർക്ക് ജോലിനൽകിയ കൊച്ചി മെട്രോ ആഗോള മാദ്ധ്യമങ്ങളിൽ സ്ഥാനം നേടിയിരുന്നു. എന്നാൽ ഇപ്പോൾ പത്തുപേർ മാത്രമാണ് ഇവിടെയുള്ളത്. താമസസൗകര്യം ഇല്ലാത്തതിനാലാണ് പലർക്കും ജോലി ഉപേക്ഷിക്കേണ്ടിവന്നത്. ട്രാൻസ്‌മെൻ ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് തെരുവ് പേടിസ്വപ്നമാണ്. വാർദ്ധക്യത്തിലെ ഒറ്റപ്പെടലാണ് കമ്മ്യൂണിറ്റിയുടെ മറ്റൊരു ആശങ്ക.

* ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ

എല്ലാ ജില്ലകളിലുമായി ട്രാൻസ്ജെൻഡർമാരുടെ 52 അയൽക്കൂട്ടങ്ങളുണ്ട്. ആകെ 573 അംഗങ്ങൾ. ഏറ്റവും കൂടുതൽ അയൽക്കൂട്ടങ്ങൾ തിരുവനന്തപുരത്താണ്- 11

ചെന്നൈയിൽ സഹോദരി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ട്രാൻസ്‌ജെൻഡർമാർക്കൊരുക്കിയ അമ്മവീട് പോലൊരു സ്ഥിരതാമസത്തിനുള്ള സംവിധാനമാണ് ആഗ്രഹിക്കുന്നത്. കമ്മ്യൂണിറ്റി ഹാൾ, ആഴ്ചയിൽ വൈദ്യപരിശോധന, കൗൺസലിംഗ്, തൊഴിൽപരിശീലനം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകണം.

നവാസ്,

ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ട്രാൻസ്ജെൻഡർ ഫോറം രൂപീകരിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നടപടിക്രമങ്ങൾ തുടങ്ങി. താമസസൗകര്യം, തൊഴിൽ പരിശീലനം, സംരംഭങ്ങൾ തുടങ്ങാൻ സഹായം തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബശ്രീയുടെ പിന്തുണയുണ്ടാകും .

ജി. സിന്ധു

സംസ്ഥാന പ്രോഗ്രാം മാനേജർ, (ജെൻഡർ)

കുടുംബശ്രീ