 ചെലവ് താങ്ങില്ലെന്ന് തദ്ദേശവകുപ്പ് -- പൊതുടാപ്പുകൾ വെട്ടിക്കുറയ്ക്കുന്നു

Sunday 19 February 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ ഇനി പൊതുടാപ്പുകൾ സ്ഥാപിക്കില്ല. ഉള്ളത് പകുതിയായി കുറയ്ക്കും. ഇതിനുള്ള കണക്കെടുപ്പ് ഉടൻ ആരംഭിക്കും. നിരക്ക് വർദ്ധന താങ്ങാനാവാത്തതാണ് കാരണം.

പൊതുടാപ്പ് ഒന്നിന് പഞ്ചായത്തുകൾ പതിനയ്യായിരത്തോളം രൂപയും നഗരസഭകളും കോർപറേഷനുകളും ഇരുപത്തി രണ്ടായിരത്തോളം രൂപയും പ്രതിവർഷം നൽകണമെന്ന തരത്തിലാണ് ചാർജ് പരിഷ്‌കരിച്ചിരിക്കുന്നത്.

കോളനികളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജലദൗർലഭ്യമുള്ളിടങ്ങളിലും മാത്രം ടാപ്പുകൾ തുടരും. പല സ്ഥലങ്ങളിലും പൊതുടാപ്പിലെ വെള്ളം വാഹനം കഴുകിയും മറ്റും ദുരുപയോഗം ചെയ്യുന്നതായും പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോ‌ട്ട് ചെയ്തിട്ടുണ്ട്.

ഒന്നര വർഷം മുമ്പ് സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പൊതുടാപ്പുകളായിരുന്നു. ഇപ്പോഴത് 1.62 ലക്ഷമായി കുറഞ്ഞു. ഇതിൽ പലതിലും വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നത്. നശിച്ചവ ജലഅതോറിട്ടി നന്നാക്കാറുമില്ല. എന്നാലും ടാപ്പുകളുടെ എണ്ണമനുസരിച്ച് തദ്ദേശവകുപ്പ് പണം അടയ്ക്കണം.

ലക്ഷ്യത്തിലെത്താതെ

ജവജീവൻ മിഷൻ

ഗ്രാമീണ മേഖലയിലെ 53 ലക്ഷം വീടുകളിൽ ശുദ്ധജലം എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതം ചെലവിടുന്ന ജലജീവൻ മിഷൻ മെല്ലെപ്പോക്കിലാണ്. ഇതുവരെ 11 ലക്ഷത്തോളം കണക്ഷനേ നൽകിയുള്ളൂ.

ഒരു പൊതുടാപ്പിന് തുക

അടവിലുണ്ടായ വർദ്ധന

ഏപ്രിൽ 2021 പഞ്ചായത്ത്: ₹ 5,​250 നഗരപ്രദേശം: ₹ 7,​884

ഏപ്രിൽ 2022 പഞ്ചായത്ത്: ₹ 5,​788.13 നഗരപ്രദേശം: ₹ 8,​692.11

ഫെബ്രുവരി 2023 പഞ്ചായത്ത്: ₹14,559.12 നഗരപ്രദേശം: ₹21,838.68