വി.സി:പട്ടികജാതിക്കാരനെ  തഴഞ്ഞതിൽ റിപ്പോർട്ട് തേടി

Sunday 19 February 2023 12:00 AM IST

തൃശൂർ: കാർഷിക സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകിയത് ഏറ്റവും സീനിയറായ പട്ടികജാതി വിഭാഗത്തിൽപെട്ട പ്രൊഫസറെ തഴഞ്ഞാണെന്ന കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ നേരത്തെ കേസെടുത്ത എസ്.സി, എസ്.ടി കമ്മിഷൻ കൃഷിവകുപ്പ് സെക്രട്ടറിയോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. താത്കാലിക വി.സി നിയമനം ഗവർണറുടെ അധികാര പരിധിയിലാണെന്ന് കാട്ടി കാർഷിക സർവകലാശാല രജിസ്ട്രാർ കമ്മിഷന് വിശദീകരണം നൽകിയ പശ്ചാത്തലത്തിലാണ്

കൃഷിവകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. ഡോ.ചന്ദ്രബാബു വി.സി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കാർഷികോത്പാദന കമ്മിഷണറായിരുന്ന ഇഷിത റോയിക്ക് ചുമതല നൽകിയിരുന്നു.

കഴിഞ്ഞ ഡിസംബറിൽ അവർ അവധിയെടുത്തപ്പോഴാണ് വെള്ളായണി കാർഷിക കോളേജിലെ ഡോ.കെ.ആര്യയ്ക്ക് താത്കാലിക ചുമതല കൈമാറിയത്.

ഇത് ആര്യയെക്കാൾ സീനിയറും അഞ്ചര വർഷം ഫാക്കൽറ്റി ഡീനുമായിരുന്ന വെള്ളായണി കാർഷിക കോളേജിലെ എക്സ്റ്റൻഷൻ മേധാവി ഡോ.എ.അനിൽകുമാറിനെ തഴഞ്ഞായിരുന്നു. വിരമിക്കാൻ ആറ് മാസം മാത്രമുള്ള അദ്ദേഹത്തിന് സർവകലാശാല ജനറൽ കൗൺസിലിലും സബ് കമ്മിറ്റികളിലും പ്രവർത്തന പരിചയമുണ്ട്.