കരുവന്നൂർ: സി.പി.എം മുൻ നേതാവിന് ഇ.ഡി നോട്ടീസ്

Sunday 19 February 2023 12:53 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം പൊലീസിൽ പരാതിപ്പെട്ട സി.പി.എം മുൻ പ്രാദേശിക നേതാവ് എം.വി.സുരേഷിനെ നാളെ രാവിലെ 10.30ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ.ചന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മൂന്ന് കൊല്ലം മുമ്പ് തട്ടിപ്പ് അന്വേഷിക്കാൻ ആവശ്യപ്പെട്ട് സുരേഷ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതേ ആവശ്യവുമായി ഇ.ഡിക്കും പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി.

പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പൊലീസും തുടർന്ന് ഇ.ഡിയും കേസെടുത്തത്. കരുവന്നൂർ ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന പാർട്ടി സബ് കമ്മിറ്റിയിൽ സുരേഷ് അംഗമായിരുന്നു. പൊലീസിലും മറ്റും പരാതിപ്പെട്ടതിനെ തുടർന്ന് സുരേഷിനെ ചുമതലകളിൽ നിന്ന് നീക്കി. തുടർന്ന് സുരേഷ്, തട്ടിപ്പിനെതിരെ രൂപീകരിച്ച ജനകീയ പ്രതിരോധ സമിതി ചെയർമാനാകുകയും ബാങ്കിനെതിരെ സമരം നടത്തുകയും ചെയ്തു.