ഷുഹൈബ് വധം; പങ്കില്ലെങ്കിൽ സി.ബി.ഐയെ ഭയക്കുന്നതെന്തിനെന്ന് കെ. മുരളീധരൻ

Sunday 19 February 2023 12:55 AM IST

കോഴിക്കോട്: ഷുഹൈബ് വധത്തിൽ സി.പി.എമ്മിന് പങ്കില്ലെങ്കിൽ കേന്ദ്രഅന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് കെ. മുരളീധരൻ എം.പി ചോദിച്ചു. ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ല. സി.ബി.ഐ അന്വേഷണം നടത്തിയാൽ എന്താണ് കുഴപ്പം. എന്തിനാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത്. പി. ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന് ഇ.പി. ജയരാജൻ ആരോപിച്ചിരുന്നു. ബലം പ്രയോഗിച്ച് അറസ്റ്റുചെയ്താൽ ആകാശ് തില്ലങ്കേരി എല്ലാം വിളിച്ചുപറയും. അതുകൊണ്ട് കീഴടങ്ങാൻ അവസരമൊരുക്കി. തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കേന്ദ്രഏജൻസി അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് മത്സരിക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ല. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിനാൽ പുറത്തിറങ്ങിയാൽ ജനം ജയിലിൽ പോകേണ്ട അവസ്ഥയാണ്. കെ. കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹനവ്യൂഹത്തിന് നടുവിലൂടെ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.