സി.പി.എം ക്രിമിനലുകളുടെ പാർട്ടി: വി.ഡി. സതീശൻ

Sunday 19 February 2023 12:03 AM IST

കണ്ണൂർ : മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സി.പി.എം മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയാണ് ഇപ്പോൾ സി.പി. എം. ക്രിമിനലുകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ ഇടംകൊടുത്തത് സി.പി.എമ്മാണ്. ആ ക്രിമിനലുകളിപ്പോൾ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ആകാശിനെതിരെ എന്താണ് സി.പി.എം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.- കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ഇപ്പോൾ എല്ലാ ക്രിമിനലുകൾക്കും പ്രവർത്തനങ്ങൾക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സി.പി.എം. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സി.പി.എം അനുഭവിക്കുന്നത്. ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. എല്ലാ സത്യങ്ങളും ഇപ്പോൾ പുറത്ത് വരികയാണെന്നും സതീശൻ പറഞ്ഞു. സ്വപ്നയെ ഉപയോഗിച്ചു കൊണ്ട് മുഖ്യമന്ത്രിയടക്കം നേട്ടങ്ങളുണ്ടാക്കി. ഇതിന്റെ തെളിവുകളും പുറത്തുവരുന്നു. ധന സമ്പാദനത്തിനുവേണ്ടി മുഖ്യമന്ത്രിയടക്കം സ്വപ്നയെ ഉപയോഗിച്ചു. ഒടുവിൽ അവരും സത്യം വിളിച്ച് പറയുന്നു. ആകാശിന്റെ മറ്റൊരു രൂപമാണ് സപ്ന. ബംഗാളിലെ സി.പി.എമ്മിനുണ്ടായ അതേ അവസ്ഥ കേരളത്തിലുണ്ടാകുമെന്നും സതീശൻ തുറന്നടിച്ചു.