ഗുരുദേവന്റേത് പ്രായോഗിക സമീപനം: ശ്രീധരൻ പിള്ള

Saturday 18 February 2023 11:08 PM IST

നെയ്യാറ്റിൻകര: കാഴ്ചപ്പാടുകളോടുള്ള പ്രായോഗിക സമീപനമാണ് ശ്രീനാരായണ ഗുരുദേവനെ മറ്റ് ആത്മീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച പ്രതിഷ്ഠാ സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ നവോത്ഥാന സന്ദേശങ്ങൾ പുതുതലമുറയ്ക്ക് പകരാൻ അധികൃതർക്കായിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കണം. ഗുരുദേവന്റെ രചനകൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തണം. നവോത്ഥാന നായകർ സമൂഹത്തിന് നൽകിയ സംഭാവനകൾ പുതുതലമുറ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, വി.കെ.പ്രശാന്ത്, ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അജയ് ജോയ് എന്നിവർ പങ്കെടുത്തു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി ശിവനാരായണ തീർത്ഥ കൃതജ്ഞതയും പറഞ്ഞു.