കേരളത്തിന് മൂന്ന് ബെഞ്ച് വേണം: ബാലഗോപാൽ

Sunday 19 February 2023 12:14 AM IST

ന്യൂഡൽഹി: ജി.എസ്.ടി ട്രൈബ്യൂണലുകൾ സംസ്ഥാനങ്ങളുടെ താത്‌പര്യം സംരക്ഷിക്കുന്ന തരത്തിലാവണമെന്നും കേരളത്തിന് മൂന്ന് ട്രൈബ്യൂണൽ ബെഞ്ചുകൾ വേണമെന്നും ധന മന്ത്രി ബാലഗോപാൽ പറഞ്ഞു.

ജി.എസ്.ടി നഷ്‌ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു. നീട്ടിയില്ലെങ്കിൽ കേരളം സാമ്പത്തികമായി ബുദ്ധിമുട്ടും. നീട്ടാനാകില്ലെന്നും വരുമാനം എങ്ങനെ കണ്ടെത്തുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങൾക്കും ഇതേ പ്രശ്‌നമുണ്ട്.

എ.ജിയുടെ റിപ്പോർട്ട് സംബന്ധിച്ച് ആശയക്കുഴപ്പമില്ല. സംയോജിത ജി.എസ്.ടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കവുമില്ല. യഥാർത്ഥ പ്രശ്‌നം നഷ്‌ടപരിഹാര കാലാവധി നീട്ടാത്തതാണെന്നും മന്ത്രി പറഞ്ഞു.

സ്വർണത്തിന് ഇ - വേ ബിൽ

സ്വർണത്തിന്റെ ഇ - വേ ബിൽ നടപ്പാക്കി ഉത്തരവിറക്കാൻ യോഗത്തിൽ ധാരണയായി. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്കും സംസ്ഥാനത്തിനുള്ളിലും സ്വർണവും രത്‌നങ്ങളും മറ്റും കൊണ്ടുപോകാൻ ഇ - വേ ബിൽ നിർബന്ധമാകും. സുരക്ഷയും മറ്റും ഉറപ്പിക്കാൻ ഇ - വേ ബിൽ വേണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കേരളം ഈ ആവശ്യം ഉന്നയിക്കുമെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

Advertisement
Advertisement