മുഖ്യമന്ത്രി എത്തിയത് കനത്ത സുരക്ഷയിൽ
Saturday 18 February 2023 11:17 PM IST
തൃത്താല: സംസ്ഥാനതല തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തിയത് കനത്ത സുരക്ഷയിൽ. ശിവരാത്രി ആഘോഷം നടക്കുന്നതിനാൽ അധികം പൊലീസുകാരെ വിന്യസിക്കാൻ കഴിയാത്തതിനാൽ ഹെലികോപ്ടർ മാർഗമാണ് മുഖ്യമന്ത്രി ചാലിശേരിയിലെത്തിയത്.
പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം അഞ്ചുപേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. മുല്ലയംപറമ്പ് ക്ഷേത്രമൈതാനിയിൽ ഹെലികോപ്ടറിലിറങ്ങിയ മുഖ്യമന്ത്രി റോഡ് മാർഗം വേദിയിലെത്തുന്നതിനിടെ കനത്ത സുരക്ഷയ്ക്കിടയിലും രണ്ടിടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
ഉദ്ഘാടന ശേഷം ഹെലികോപ്ടർ മാർഗം മുഖ്യമന്ത്രി തൃശൂരിലേക്ക് മടങ്ങിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വിട്ടയച്ചത്.