അടിപ്പാത ഇല്ലാതെ ദേശീയ പാത വികസനം മങ്ങാട് പ്രതിഷേധം ഇരമ്പുന്നു

Sunday 19 February 2023 12:44 AM IST

കൊല്ലം: മങ്ങാട് അടിപ്പാത വേണമെന്ന ജനകീയ ആവശ്യം അവഗണിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. അടിപ്പാത വേണമെന്ന ജനകീയ ആവശ്യം അവഗണിച്ച് കൊണ്ടാണ് ദേശീയ പാത നിർമ്മാണം ഇവിടെ പുരോഗമിക്കുന്നത്. പാതയുടെ വികസനം പൂർത്തിയായാൽ മങ്ങാട് രണ്ടായി കീറിമുറിക്കപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ മങ്ങാട് ജംഗ്ഷനിൽ ജനകീയ ധർണ നടത്തി. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടത് മുന്നണി നേതാക്കളായ എസ്.പ്രസാദ്, അഡ്വ.ജി.ലാലു, ആർ.വിജയകുമാർ, സി.ബാബു, നൗഫൽ, പി.ഇസഡോർ, സുബ്രഹ്മണ്യൻ, ഉദയസേനൻ, ലൂഷ്യസ്, അഡ്വ.മങ്ങാട് എസ്.പ്രശാന്ത് തുങ്ങിയവർ സംസാരിച്ചു.

ജനകീയ ആവശ്യം

ദേശീയ പാതാ വികസനത്തിന്റെ ആദ്യഘട്ട രൂപരേഖയിൽ മങ്ങാട് അടിപ്പാത ഉണ്ടായിരുന്നില്ല. രൂപരേഖയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇവിടെ ഉയർന്നത്. മങ്ങാടും കുരീപ്പുഴയിലും അടിപ്പാത നിർമ്മിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും മറ്റ് ജനപ്രതിനിധികളും ദേശയ പാതാ അതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മങ്ങാട് അടിപ്പാത നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയിരുന്നു. കുരീപ്പുഴയിൽ മാത്രമാണ് അടിപ്പാത നിർമ്മിക്കാൻ അനുമതി ലഭിച്ചത്. എന്നാൽ ഇപ്പോൾ അടിപ്പാത നിർമ്മിക്കാനാവാത്ത വിധമാണ് ദേശീയ പാതയുടെ നിർമ്മാണം മങ്ങാട് പുരോഗമിക്കുന്നത്. ആറ് വരി പാതയെയും വശങ്ങളിലുള്ള സർവീസ് റോഡിനെയും വേർതിരിക്കും വിധം ഈ ഭാഗത്ത് രണ്ട് കിലോമീറ്റർ ദുരത്തിൽ ടോ വാൾ നിർമ്മിച്ചതോടെയാണ് ജനങ്ങളുടെ ആശങ്ക വർദ്ധിച്ചത്. അടിപ്പാതയുള്ള ജംഗ്ഷനുകളിൽ ടോ വാളുകൾ നിർമ്മിക്കാറില്ല.

മങ്ങാട് രണ്ടായി മുറിയും

അടിപ്പാത ഇല്ലെങ്കിൽ മങ്ങാട് രണ്ടായി വിഭജിക്കപ്പെടും. ഒരു ഭാഗത്തെ ജനങ്ങൾ ഒരു തുരുത്തുപോലെയായി ഒറ്റപ്പെടും.ഇവിടെ പ്രവർത്തിക്കുന്ന ആശുപത്രി, സ്കൂളുകൾ, ക്ഷേത്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രം, സഹകരണ ബാങ്കുകൾ എന്നിവടങ്ങളിലേക്കുളള യാത്ര ദുഷ്കരമാവും. മങ്ങാട് പാലത്തിനും മാർക്കറ്റിനും ഇടയിൽ ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കും വിധം അടിപ്പാത നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

...........................................................

മങ്ങാട് അടിപ്പാത അനിവാര്യമാണ്. അടിപ്പാത ആവശ്യപ്പെട്ട് ദേശീയ പാതാ അതോറിട്ടിക്ക് ഞാനും എം.മുകേഷ് എം.എൽ.എയും അടക്കമുള്ള ജനപ്രതിനിധികൾ നിവേദനം സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മങ്ങാട് ക്ഷേത്രത്തിന് 965 മീറ്റർ തെക്കോട്ടു മാറി അടിപ്പാത നിർമ്മിക്കുമെന്ന് കാട്ടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ജോലികൾ പൂർത്തിയാക്കണം. കത്ത് വ്യാജമെങ്കിൽ അത് പുറത്തിറക്കിയവർക്കെതിരെ നടപടി എടുക്കണം.

എം.നൗഷാദ് എം.എൽ.എ