സർക്കാർ ജീവനക്കാരും സാമൂഹ്യപ്രതിബദ്ധതയും

Sunday 19 February 2023 12:00 AM IST

സർക്കാർ സർവീസിൽ എന്തുമാവാം ആരും ചോദിക്കില്ലെന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഉല്ലാസയാത്ര. പാറശാല മുതൽ കാസർഗോഡ് വരെയുള്ള ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലും പലപ്പോഴും കാലി സീറ്റുകൾ കാണാൻ കഴിയും. ഉദ്യോഗസ്ഥൻ ലീവാണോ ഓഫീസിലെത്തുമോ എന്നന്വേഷിച്ചാൽ മറ്റു ജീവനക്കാർ കൈമലർത്തി കാണിക്കും.സംസ്ഥാന ഖജനാവിന്റെ പകുതിയിലധികവും ശമ്പളം പെൻഷൻ ഇനത്തിൽ ചെലവാകുന്നു. ജനങ്ങളുടെ നികുതി പണം കൈപ്പറ്റി ജോലിയോട് യാതൊരു ബാദ്ധ്യതയും കാണിക്കാത്ത ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകണം.

ബുക്കിൽ ഒപ്പിടുന്ന സംവിധാനമാണ് ജീവനക്കാരുടെ തന്നിഷ്‌ടത്തിന് ഏറ്റവും വലിയ സഹായമാകുന്നത്. ജീവനക്കാർ തമ്മിലുള്ള ഒത്തുകളിയിൽ എപ്പോൾ വേണമെങ്കിലും ഒപ്പിടാനുള്ള സൗകര്യമാണിത്. എല്ലാ സർക്കാർ ഓഫീസുകളിലും അടിയന്തരമായി പഞ്ചിങ് സംവിധാനമേർപ്പെടുത്തുകയാണ് ഇതിനുള്ള പരിഹാരം.

അത്യാവശ്യകാര്യത്തിനു പോയാലും സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി കാലുതേയുന്ന പാവങ്ങൾ സംസ്ഥാനവ്യാപകമായുണ്ട്. ഈ സ്ഥിതി ഇനിയെങ്കിലും മാറിയേതീരൂ.

അജയ് എസ് കുമാർ പ്ലാവോട് ,തിരുവനന്തപുരം

അപകടമില്ലാത്ത കേരളം

എന്ന് കാണാനാവും ?

സംസ്ഥാനവ്യാപകമായി വാഹനാപകടങ്ങളുടെ വാർത്തകളാണ് എന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിംഗും കാരണം നിരവധി ജീവനുകൾ തെരുവിൽ പൊലിയുന്നു.

കാൽനടയാത്രക്കാർ പോലും സുരക്ഷിതരല്ല. ആഡംബര ബൈക്കുകളുമായി തിരക്കേറിയ പാതകളിൽ മരണപ്പാച്ചിൽ നടത്തുന്നവരെ നിയന്ത്രിക്കാൻ ഇവിടെ നിയമസംവിധാനങ്ങളില്ലേ. ഓരോ ബഡ്‌ജറ്റിലും നിരീക്ഷണകാമറകൾ വാങ്ങാൻ തുക മാറ്രിവച്ചാൽ പോരാ. ജനജീവിതം സുരക്ഷിതമാക്കാൻ അവ പ്രവർത്തിക്കുന്നുണ്ടോ എന്നുകൂടി ഉറപ്പുവരുത്തണം.

ശാലിനി കെ.എസ്.

ചെങ്ങന്നൂർ